ട്രംപിന്റെ വിസ ബോംബിൽ പിടിച്ചുനിൽക്കാനാകാതെ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും തകർച്ചയിൽ
മുബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഇന്നും തുടരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ ശുഭപ്രതീക്ഷ നൽകിയെങ്കിൽ അതിനുശേഷം രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ഇടിഞ്ഞു, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും പുതിയ യുഎസ് എച്ച് -1 ബി വിസ ഫീസ് വർദ്ധനവിനെക്കുറിച്ചും നിലനിൽക്കുന്ന ആശങ്കകൾ നിക്ഷേപക വികാരത്തെ സ്വാധീനിച്ചു എന്നുതന്നെ കരുതാം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടിവ് നേരിട്ട നിഫ്റ്റി സൂചിക ഇപ്പോഴും പിന്നിലാണ്. നിഫ്റ്റി സൂചിക ഏകദേശം 40 പോയിന്റ് താഴ്ന്ന് 25,200 മാർക്കിന് താഴെയെത്തി. സെൻസെക്സ് 100 പോയിന്റിലധികം താഴ്ന്ന് 82,000 മാർക്കിലേക്ക് എത്തി.
നവരാത്രി വിൽപ്പനയ്ക്ക് ശക്തമായ തുടക്കം നൽകികൊണ്ട് ബമ്പർ വിൽപ്പന കണക്കുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഓട്ടോ ഓഹരികൾ, പ്രത്യേകിച്ച് ഹ്യുണ്ടായ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ട്രെന്റ്, ടാറ്റ കൺസ്യൂമർ, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലുമാണ്.
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ചയാണ് നേരിടുന്നത്. ഇന്നുമാത്രം 31 പൈസയുടെ മൂല്യം കുറഞ്ഞു. ഇപ്പോള്‍ ഡോളറിന് 88 രുപ 58 പൈസ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് വർദ്ധിപ്പിച്ചതും യുഎസ് എച്ച്-1ബി വിസ ഫീസ് വർദ്ധനയും പോലുള്ള പ്രതികൂല സാഹചര്യങ്ങൾ നിക്ഷേപക വികാരത്തെ ബാധിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ രൂപ കൂപ്പുകുത്തുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 88.41 ൽ വ്യാപാരം ആരംഭിച്ചത്.