Fincat

അമ്ബമ്ബോ..! ഒറ്റദിവസം ഹ്യുണ്ടായി വിറ്റത് 11,000 കാറുകള്‍! ഇതാണ് ഈ വില്‍പ്പനയുടെ രഹസ്യം


നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന ഡീലർ ബില്ലിംഗ് രേഖപ്പെടുത്തി.ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടയിലെ കാർ നിർമ്മാതാവിന്റെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വില്‍പ്പനയായിരുന്നു ഇത്. പുതിയ ജിഎസ്‍ടി മാറ്റങ്ങള്‍ നടപ്പില്‍ വരുന്ന ആദ്യ ദിവസമായ സെപ്റ്റംബർ 22 ന് ഹ്യുണ്ടായ് മോട്ടോർ കമ്ബനി ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വില്‍പ്പന നടത്തിയത്. തങ്ങളുടെ പോർട്ട്‌ഫോളിയോയിലുടനീളം കൈമാറിയ മുഴുവൻ നികുതി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ വാങ്ങുന്നവരെ പ്രോത്സാഹിപ്പിച്ചതായി ഹ്യുണ്ടായ് പറയുന്നു.

ക്രെറ്റ, അല്‍കാസർ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ഹ്യുണ്ടായിയുടെ എസ്‌യുവി പോർട്ട്‌ഫോളിയോയാണ് വില്‍പ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം. ജിഎസ്ടി 2.0 അനുസരിച്ച്‌ കമ്ബനിയുടെ എല്ലാ മോഡലുകളുടെയും വില ഗണ്യമായി കുറച്ചു. സ്റ്റാൻഡേർഡ് മോഡലിന് 72,145 രൂപയും ക്രെറ്റ എൻ-ലൈനിന് 71,762 രൂപയും വില കുറച്ചതോടെ ഹ്യുണ്ടായി ക്രെറ്റ കൂടുതല്‍ താങ്ങാനാവുന്ന വിലയായി മാറി. അല്‍കാസറിന് എല്ലാ വേരിയന്റുകളിലും 75,376 രൂപ വിലക്കുറവും ലഭിച്ചു. പ്രീമിയം മോഡലായ ട്യൂസണ്‍ എസ്‌യുവിക്കാണ് കമ്ബനി ഏറ്റവും വലിയ വിലക്കുറവ് വരുത്തിയത്. ഹ്യുണ്ടായി ട്യൂസണിന്‍റെ വില 2.40 ലക്ഷം വരെ കുറഞ്ഞു. വെന്യു പോലുള്ള കോംപാക്റ്റ് എസ്‌യുവികള്‍ക്ക് ഇപ്പോള്‍ 1.23 ലക്ഷം വിലക്കുറവ് ലഭിക്കുന്നു. അതേസമയം i20, എക്സ്റ്റർ എന്നിവയ്ക്ക് യഥാക്രമം 98,053 രൂപയും 89,209 ഉം വിലക്കുറവുണ്ട്. ഗ്രാൻഡ് i10 നിയോസ്, ഓറ തുടങ്ങിയ എൻട്രി ലെവല്‍ മോഡലുകളും ഇപ്പോള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയിലാണ്. ഇവയ്ക്ക് യഥാക്രമം 73,000 രൂപയും 78,000 രൂപയും ലാഭിക്കാം.

ജിഎസ്‍ടി 2.0 പരിഷ്‍കാരങ്ങളുടെ ആക്കം കൂട്ടിയ നവരാത്രിയുടെ ശുഭകരമായ തുടക്കം വിപണിയില്‍ ശക്തമായ പോസിറ്റിവിറ്റി സൃഷ്‍ടിച്ചുവെന്നും ആദ്യ ദിവസം മാത്രം, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഏകദേശം 11,000 ഡീലർ ബില്ലിംഗുകള്‍ രേഖപ്പെടുത്തിയെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഞങ്ങളുടെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ പ്രകടനമാണിതെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മുഴുവൻ സമയ ഡയറക്ടറും സിഒഒയുമായ തരുണ്‍ ഗാർഗ് പറഞ്ഞു. സുസ്ഥിരമായ ഒരു ഉത്സവകാല ഡിമാൻഡ് കമ്ബനി പ്രതീക്ഷിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മൂല്യവും ആവേശവും നല്‍കുന്നതില്‍ കമ്ബനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.