കൊച്ചിയില്‍ അര്‍ജന്റീന കളിക്കുക ഓസ്‌ട്രേലിയക്കെതിരെ
കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കും. സ്‌പോണ്‍സര്‍ കമ്പനിയും ഓസ്‌ട്രേലിയയും തമ്മില്‍ കരട് കരാര്‍ കൈമാറി. ലോക റാങ്കിംഗില്‍ 50 താഴെയുള്ള ടീം വേണം എന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. ഒടുവിലാണ് റാങ്കിംഗില്‍ 25 ആം സ്ഥനത്തുള്ള ഓസ്‌ട്രേലിയയെ തീരുമാനിച്ചത്.
ഖത്തര്‍, സൗദി അറേബ്യ ടീമുകളേയും അര്‍ജന്റീനയുടെ എതിരാളികളായി പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് അവസാനം ഓസ്‌ട്രേലിയക്ക് വീഴുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു. ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് അന്ന് ഗോളുകള്‍ നേടിയത്.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അര്‍ജന്റീന ടീം മാനേജര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തി. മന്ത്രി റഹ്മാനൊപ്പം അദ്ദേഹം കലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഒരുക്കങ്ങളില്‍ അദ്ദേഹം പൂര്‍ണ തൃപ്തി അറിയിച്ചു. ഫീല്‍ഡാണ് പ്രധാനമായും പരിശോധിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കലൂരിലേത് നല്ല ഫീല്‍ഡാണെന്നും ടീം പ്രതിനിധി സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. തീയതി മുഖ്യമന്ത്രി പ്രഖാപിക്കുമെന്നും മെസിയെ കാണാന്‍ എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.