Fincat

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോ​ഗം നടക്കുന്നത്. നാളെ രാവിലെ 10 മണിക്കാണ് യോ​ഗം നടക്കുക. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 500 കോടി രൂപ വായ്പയെടുക്കും. നെൽ കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 500 കോടിയോളം രൂപയാണ് കുടിശ്ശിക ഉള്ളത്. കുടിശിക തീർത്തശേഷം സംഭരണ വില നൽകുന്നതിന് കേരള ബാങ്കിനെ ചുമതലപ്പെടുത്താൻ ധാരണ.
നെല്ല് സംഭരണത്തിലെ കുടിശ്ശിക നൽകാത്തത് സംസ്ഥാന സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു. കുറേക്കാലമായി ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ ഇക്കാര്യത്തിൽ സവിശേഷമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് സർക്കാർ കരുതുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്.