Fincat

പ്രവാസി തൊഴിലാളികളുടെ പാസ്പോർട്ട് സമ്മതമില്ലാതെ കൈവശം വെയ്ക്കരുത്; നിർദ്ദേശവുമായി ഒമാൻ

ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊളിലാളിയുടെ സമ്മതമില്ലാതെ തൊഴിലുടമ കൈവശം വക്കരുതെന്ന നിര്‍ദേശവുമായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ്. ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വക്കണമെങ്കില്‍ അവരുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്നാണ് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ മറ്റ് സ്വകാര്യ രേഖകള്‍ കൈവശം വക്കണമെങ്കിലും അനുമതി ആവശ്യമാണ്.

തൊഴില്‍ നിയമപ്രകാരമുള്ള വ്യക്തിഗത രേഖകള്‍ തൊഴിലാളിയുടെ നിയമപരമായ അവകാശമാണെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ബന്ധിമായി പാസ്പോര്‍ട്ട് കൈവശം വക്കുന്നത് ഗുരുതമായ നിയമ ലംഘനമാണ്. പാസ്‌പോര്‍ട്ട് എന്നത് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ്. സമ്മതമില്ലാതെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വച്ചാല്‍ അവ തിരികെ ലഭിക്കാന്‍ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം.
പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്ന തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് അവ തിരികെ നല്‍കണമെന്നും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് അറിയിച്ചു. എല്ലാ തൊഴിലാളികള്‍ക്കും, ദേശീയ ഭേദമന്യേ, അവരുടെ പാസ്‌പോര്‍ട്ടുകളും വ്യക്തിഗത രേഖകളും സൂക്ഷിക്കാന്‍ അവകാശമുണ്ട്. പാസ്‌പോര്‍ട്ട് നല്‍കാത്തത്തിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് നിയമ വിരുദ്ധമാണെന്നും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.