Fincat

‘സവര്‍ക്കര്‍ പരാമര്‍ശങ്ങളില്‍നിന്ന് രാഹുല്‍ ഗാന്ധിയെ തടയാനാവില്ല, വീഡിയോ നീക്കണോ എന്നത് വ്യക്തി സ്വാതന്ത്ര്യം’; കോടതി


ന്യൂഡല്‍ഹി: വി ഡി സവർക്കർക്കെതിരായ പരാമർശങ്ങളില്‍ നിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടയാനാവില്ലെന്ന് പൂനെ കോടതി.സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയിലാണ് ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതിയുടെ നിർണായക ഉത്തരവ്. രാഹുലിന്‍റെ സവർക്കർ വിരുദ്ധ പ്രസംഗം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവും പൂനെ കോടതി തള്ളി. പ്രസംഗ വീഡിയോ നീക്കണോ എന്നത് രാഹുല്‍ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് കോടതി പറഞ്ഞത്.

2023 മാർച്ച്‌ അഞ്ചിന് ലണ്ടനില്‍ സവർക്കർക്കെതിരെ രാഹുല്‍ നടത്തിയ പ്രസംഗമാണ് പരാതിയുടെ അടിസ്ഥാനം. പ്രസംഗം അപകീർത്തികരമെന്നും യൂട്യൂബില്‍ നിന്ന് നീക്കണമെന്നും ആയിരുന്നു വിഡി സവർക്കറുടെ ചെറുമകന്‍റെ വാദം.

നേരത്തെ സവർക്കർക്കെതിരായ പരാമർശത്തില്‍ രാഹുല്‍ ഗാന്ധിയെ സുപ്രീംകോടതി വിമർശിച്ചിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നുമാണ് കോടതി പറഞ്ഞത്. ഇനി രാഹുല്‍ ഇത്തരം പരാമർശങ്ങള്‍ നടത്തിയാല്‍ സ്വമേധയാ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാക്കാല്‍ അന്ന് പരാമർശം നടത്തിയത്. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അടക്കം സവർക്കറെ പ്രശംസിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു.