Fincat

വ്രതമുള്ള യാത്രികര്‍ക്ക് നവരാത്രി സ്‌പെഷ്യല്‍ ഭക്ഷണം; മെനു പുതുക്കി എയര്‍ ഇന്ത്യ


ഇന്ത്യയിലെ ഉത്സവങ്ങളും ഭക്ഷണങ്ങളും തമ്മിലുള്ള ബന്ധം നമുക്കറിയാവുന്നതാണ്. ഓരോ ഉത്സവാഘോഷങ്ങളിലും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണുള്ളത്.നവരാത്രിയിലും അങ്ങനെത്തന്നെ. നവരാത്രിയോടനുബന്ധിച്ച്‌ വ്രതമനുഷ്ഠിക്കുന്നവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്. അതില്‍ ശ്രദ്ധചെലുത്തിക്കൊണ്ട് മെനു അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ.

നവരാത്രിവാരത്തില്‍ യാത്രചെയ്യുന്നവര്‍ക്കായി ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. സെപ്റ്റംബര്‍ 30 വരെ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും എയര്‍ഇന്ത്യ നവരാത്രി സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാബുദാന ഖിച്ച്‌ഡി, വ്രതവാലെ ഷാഹി ആലൂ, സിംഗാഡെ കി ബൂരി, സാബുദാന വട, മലായ് പനീര്‍ ടിക്ക, തലേ ആലൂ കി ചാട്ട് എന്നിവയെല്ലാം പുതിയ മെനുവില്‍ ഉള്‍പ്പെടുന്നു.

മധുരത്തിനായി സീസണല്‍ പഴങ്ങള്‍, ഖട്ടാ മീഠയും ഫലാഹാരി ഖീറുമെല്ലാമുണ്ട്. ഓരോ വിഭവവും വ്രതാനുകൂല ചേരുവകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉത്സവത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടുതന്നെ പോഷകവും രുചിയും ഉറപ്പാക്കുന്നു.

വിമാനയാത്രയ്ക്കിടയില്‍ വ്രതം അനുഷ്ഠിക്കുന്ന യാത്രക്കാര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്നതാണ് ഈ മെനുവിന്റെ ഗുണം. വ്രതം അനുഷ്ഠിക്കാത്തവര്‍ക്ക് നവരാത്രിയുടെ തനതായ രുചികള്‍ ആസ്വദിക്കുകയും ചെയ്യാം.