Fincat

ദുഷ്‌പേര് മാറ്റാന്‍ ഗദ്ദാഫിയില്‍നിന്ന് ഫണ്ട്; ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ


പാരീസ്: അന്തരിച്ച ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ.അതേസമയം അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരുന്ന അഴിമതി, നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് എല്ലാ കുറ്റങ്ങളില്‍ നിന്നും പാരീസ് ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കി. 2007 മുതല്‍ 2012 വരെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്ന 70-കാരനായ നിക്കോളാസ് സര്‍ക്കോസി.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കോസിയുടെ അവകാശവാദം. ഗദ്ദാഫിയില്‍ നിന്നുള്ള ഫണ്ട് 2007-ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം.

പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയിലുള്ള ദുഷ്‌പേര് മാറ്റാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സര്‍ക്കോസി ഗദ്ദാഫിയില്‍നിന്ന് പണം വാങ്ങിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരിക്കുന്നത്. 2005-ല്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സര്‍ക്കോസി ഗദ്ദാഫിയുമായി ബന്ധപ്പെട്ടതെന്നാണ് ആരോപണം.

സര്‍ക്കോസിയെ പിന്നീട് കസ്റ്റഡിയില്‍ എടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. എപ്പോള്‍ ജയിലില്‍ പോകണമെന്ന് മുന്‍ രാഷ്ട്രത്തലവനെ അറിയിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

70-കാരനായ സര്‍ക്കോസി വിധിക്കെതിരെ അപ്പീല്‍ നല്‍കിയാലും ഈ നടപടി പ്രാബല്യത്തില്‍ തുടരും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിന്റെ ഒരുഭാഗത്ത് നിലനിന്നിരുന്ന നാസി സഹകരണ ഭരണകൂടമായിരുന്ന വിഷി ഗവണ്‍മെന്റിന്റെ തലവന്‍ ഫിലിപ്പ് പെറ്റെയ്‌ന് ശേഷം ജയിലിലാകുന്ന ആദ്യത്തെ രാഷ്ട്രത്തലവനായിരിക്കും അദ്ദേഹം.

100,000 യൂറോ (117,000 ഡോളര്‍) പിഴയും പൊതു പദവികള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് കേസുകളില്‍ അദ്ദേഹം ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയില്‍വാസം ഒഴിവാക്കിയിരുന്നു. ഒരു കേസില്‍ അഴിമതിക്കുള്ള ശിക്ഷ ഇലക്‌ട്രോണിക് ടാഗ് ഉപയോഗിച്ച്‌ അനുഭവിച്ചു, അത് പിന്നീട് നീക്കം ചെയ്തിരുന്നു.