Fincat

ഇസ്രയേലില്‍ ഹൂതി ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലില്‍ ഹൂതി ആക്രമണം. തെക്കന്‍ നഗരമായ എയ്‌ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൊതുജനങ്ങള്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ അറിയിപ്പുകള്‍ പാലിക്കണമെന്ന് സൈന്യം പ്രസ്താവനയിറക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി ഏറ്റെടുത്തിട്ടുണ്ട്. നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ലക്ഷ്യം വിജയിച്ചെന്നും ഹൂതി വക്താവ് യഹ്‌യ സാരി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയോട് പറഞ്ഞു. ഉം അല്‍-റാഷ്‌റാഷ്, ബിര്‍ അല്‍-സബ എന്നീ സ്ഥലങ്ങളിലെ നിരവധി ഇസ്രയേല്‍ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല എയ്‌ലറ്റില്‍ ആക്രമണമുണ്ടാകുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ചയും ഈ പ്രദേശത്തെ ഹൂതികള്‍ ആക്രമിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികള്‍ ആലോചിക്കാന്‍ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍, ലെബനന്‍, ഗാസ എന്നിവിടങ്ങളില്‍ നിന്നും ഹൂതി തീവ്രവാദികള്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവര്‍ക്ക് ഏഴിരട്ടി ദ്രോഹം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.