Fincat

വായില്‍ കല്ലുകള്‍, ചുണ്ട് പശ കൊണ്ട് ഒട്ടിച്ച നിലയില്‍, കാട്ടില്‍ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന് അത്ഭുത രക്ഷ


ഭില്‍വാര: വായില്‍ കല്ല് വച്ച ശേഷം ചുണ്ടുകള്‍ പശ വച്ച്‌ ഒട്ടിച്ച്‌ കൊടുങ്കാട്ടില്‍ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ.രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുട്ടി ഒരു തരത്തിലും രക്ഷപ്പെടരുതെന്ന് ലക്ഷ്യമിട്ടാണ് കുട്ടിയെ ഉപേക്ഷിച്ച അജ്ഞാതർ കുട്ടിയുടെ വായയില്‍ കല്ലുകള്‍ വച്ച്‌ ചുണ്ടില്‍ പശ വച്ച്‌ ഒട്ടിച്ചത്. എന്നാല്‍ കന്നുകാലികളെ തീറ്റാനിറങ്ങിയ യുവാവ് കുഞ്ഞിനെ ആകസ്മികമായി ശ്രദ്ധിക്കുകയായിരുന്നു. അവശനിലയിലായ കുഞ്ഞിനെ ഇയാള്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. ഭില്‍വാരയിലെ ബിജോലിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സമീപത്തെ ആശുപത്രികളിലും ഗ്രാമങ്ങളിലും കുട്ടികള്‍ പിറന്ന സംഭവങ്ങള്‍ അടക്കം പരിശോധിക്കുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന്റെ തുടയിലും പശ തേച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

സമാനമായ സംഭവം ഉത്തർ പ്രദേശിലും

ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സമാന സംഭവം ഉത്തർപ്രദേശിലും നടന്നിരുന്നു. ഷാജഹാൻപൂരിലെ ഗൊഹാവറില്‍ ഒരടിയോളം ആഴമുള്ള കുഴിയില്‍ തുണിയില്‍ പൊതിഞ്ഞാണ് പെണ്‍കുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്. രാവിലെ നദിക്കരയില്‍ നടക്കാനിറങ്ങിയ യുവാവാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ജീവനോട് കുഴിച്ച്‌ മൂടിയ നവജാത ശിശുവിന് എന്തോ ജീവികള്‍ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ കൈകളില്‍ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.