CSIR യുജിസി നെറ്റ് ഡിസംബര്‍ 2025; ഒക്ടോബര്‍ 24 വരെ അപേക്ഷിക്കാം
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 24 ആണ് അവസാന തീയതി. ഫീസ് അടയ്ക്കാനുള്ള സൗകര്യം ഒക്ടോബര്‍ 25 വരെ ലഭ്യമായിരിക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ ഒക്ടോബര്‍ 29 വരെ അവസരമുണ്ട്. ഡിസംബര്‍ 18-നാണ് പരീക്ഷ.
180 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ആദ്യ ഷിഫ്റ്റ് രാവിലെ 9:30 മുതല്‍ 12 മണി വരെയും രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 മണി വരെയുമാണ് നടക്കുക. പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങളും (സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ്) അഡ്മിറ്റ് കാര്‍ഡും പരീക്ഷയ്ക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിക്കും.
സിഎസ്ഐആര്‍ യുജിസി നെറ്റ്
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായാണ് സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ശാസ്ത്രം, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനാണ് സിഎസ്ഐആര്‍ നെറ്റ് നടത്തുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ജിയോളജി തുടങ്ങിയ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
യോഗ്യതാ മാനദണ്ഡം
സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷ എഴുതുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പാസായിരിക്കണം. ബിരുദാനന്തര ബിരുദം പഠിച്ചുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും നെറ്റിനായി അപേക്ഷിക്കാം. ജെആര്‍എഫിന് (JRF) ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. എന്നാല്‍ പിഎച്ച്ഡി പ്രവേശനത്തിനോ അസിസ്റ്റന്റ് പ്രൊഫസര്ഷിപ്പിനോ പ്രായപരിധിയില്ല.