Fincat

മൊഹാലി ഐസറില്‍ നാനോ സയൻസ് ആൻഡ് ടെക്നോളജിയില്‍ ഗവേഷണം


മൊഹാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്ടി) (നോളജ് സിറ്റി, സെക്ടർ 81, എസ്‌എഎസ് നഗർ, മൊഹാലി, പഞ്ചാബ്-140306) സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവരില്‍നിന്ന് പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കെമിക്കല്‍ സയൻസസ്, ഫിസിക്കല്‍ സയൻസസ്, ബയോളജിക്കല്‍ സയൻസസ്, ഫാർമ, അഗ്രി സയൻസസ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഗവേഷണാവസരം. എനർജി ആൻഡ് എൻവയണ്‍മെന്റ് യൂണിറ്റ്, ക്വാണ്ടം മെറ്റീരിയല്‍സ് ആൻഡ് ഡിവൈസസ് യൂണിറ്റ്, കെമിക്കല്‍ ആൻഡ് ബയോളജി യൂണിറ്റ് എന്നിവയിലാണ് 2026 ജനുവരിയില്‍ ആരംഭിക്കുന്ന സെഷനില്‍ പ്രോഗ്രാം ഉള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവരെ മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ) പിഎച്ച്‌ഡി പ്രോഗ്രാമില്‍ ചേർക്കും. ബിരുദം മൊഹാലി ഐസർ നല്‍കും.

യോഗ്യത: അടിസ്ഥാന/അപ്ലൈഡ് സയൻസസ്, എൻജിനിയറിങ്, അനുബന്ധ മേഖലകളിലൊന്നില്‍ എംഎസ്‌സി, എംഫാം അല്ലെങ്കില്‍ എംടെക് നേടിയിരിക്കണം. അവസാന വർഷ/സെമസ്റ്റർ പരീക്ഷ അഭിമുഖീകരിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. അവർക്ക് പ്രവേശനവേളയില്‍ ബിരുദം ലഭിച്ചിരിക്കണം.

സിഎസ്‌ഐആർ/യുജിസി-നെറ്റ്, ഐസിഎംആർ-ജെആർഎഫ്, ഡിബിടി-ജെആർഎഫ് അല്ലെങ്കില്‍ പ്രോജക്‌ട് ഫണ്ടഡ് (ഐഎൻഎസ്ടി ചട്ടങ്ങള്‍ അനുസരിച്ച്‌) എന്നിവയില്‍ ഒരു ദേശീയതല അഭിരുചിപരീക്ഷാ യോഗ്യത നേടിയിരിക്കണം. ഡിഎസ്ടി ഇൻസ്പയർ അർഹത യുള്ളവർക്കും അപേക്ഷിക്കാം. അവരുടെ തിരഞ്ഞെടുപ്പ് താത്‌കാലികവും ഇൻസ്പയർ ഫെലോഷിപ്പ് വിജയകരമായി സജീവമാക്കുന്നതിന് വിധേയവുമായിരിക്കും. അപേക്ഷകർക്ക് സ്വതന്ത്ര ഫെലോഷിപ്പ് ഉണ്ടായിരിക്കണം.

അപേക്ഷാ മാതൃക inst.ac.in/careers -ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സമീപകാലത്തെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത, റിസർവേഷൻ കാറ്റഗറി, പ്രവൃത്തിപരിചയം (ഉണ്ടെങ്കില്‍) എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ/സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ‘ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി, നോളജ് സിറ്റി, സെക്ടർ 81, മൊഹാലി, പഞ്ചാബ്-140306’ എന്ന വിലാസത്തിലേക്ക് ഒക്ടോബർ ആറിനകം ലഭിക്കത്തക്കവിധം രജിസ്റ്റേഡ് തപാല്‍/സ്പീഡ് പോസ്റ്റ്/കൂറിയർ വഴി അയക്കണം. അപേക്ഷകർ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍കൂടി ഓണ്‍ലൈൻ സിനോപ്സിസ് നല്‍കണം. സംശയങ്ങള്‍ക്ക്: apply@inst.ac.in