Fincat

സല്‍മാന്‍ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സസ്’ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി


എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവലായ ‘ദ സാത്താനിക് വേഴ്‌സസ്’ നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

1988-ല്‍ ‘ദ സാത്താനിക് വേഴ്സസ്’ വില്‍ക്കുന്നത് നിരോധിച്ച്‌ രാജീവ് ഗാന്ധി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഈ വിലക്ക് ഡല്‍ഹി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പുസ്തകം ഇന്ത്യയില്‍ ലഭ്യമായെന്നും പ്രസ്തുത നോവല്‍ നിരോധിക്കണമെന്നുമാണ് സുപ്രീംകോടതിക്ക് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതിലൂടെ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത് എന്ന് നിരീക്ഷിച്ചുകൊണ്ട് സുപ്രീംകോടതി ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

അഡ്വക്കേറ്റ് ചാന്ദ് ഖുറേഷി മുഖേനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്.

ഈ പുസ്തകത്തില്‍ മതനിന്ദയുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് 1988-ല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബുക്കര്‍ സമ്മാന ജേതാവായ എഴുത്തുകാരന്റെ ‘ദ സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ കേന്ദ്രം നിരോധിച്ചത്.