സൂര്യയുടേയും ജ്യോതികയുടേയും മകള്‍ ഇനി സംവിധായിക, ചിത്രം ഓസ്കര്‍ യോഗ്യത നേടാനുള്ള പ്രദര്‍ശനത്തില്‍
ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരദമ്ബതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരുടേയും മകള്‍ ദിയ സൂര്യയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്.അഭിനേതാവായിട്ടല്ല, സംവിധായികയായിട്ടാണെന്നുമാത്രം. ‘ലീഡിംഗ് ലൈറ്റ്’ എന്ന ഡോക്യു-ഡ്രാമ ഹ്രസ്വചിത്രത്തിലൂടെയാണ് ഈ യുവ സംവിധായിക തൻ്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ബോളിവുഡിലെ വനിതാ ഗാഫർമാരുടെ ജീവിതമാണ് ദിയയുടെ ചിത്രത്തിന് ആധാരം. സിനിമാ നിർമ്മാണത്തില്‍ ലൈറ്റിംഗ് ഉപകരണങ്ങളുമായി അണിയറയില്‍ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ജീവിതം എടുത്തുകാണിക്കുന്നതാണ് ദിയ ഒരുക്കുന്ന ഈ ചിത്രം. പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തിൻ്റെ കഥകള്‍ സ്ക്രീനില്‍ അപൂർവ്വമായേ ഇടംപിടിക്കാറുള്ളൂ. ഈ പ്രൊജക്റ്റിലൂടെ, അവരുടെ വെല്ലുവിളികള്‍ക്ക് ശബ്ദം നല്‍കാനും നേട്ടങ്ങള്‍ ആഘോഷിക്കാനുമാണ് ദിയ ലക്ഷ്യമിടുന്നത്.
ചിത്രം ലോസ് ഏഞ്ചല്‍സിലെ റീജൻസി തിയേറ്ററില്‍ ഓസ്കാർ യോഗ്യതാ റണ്ണിനായി പ്രദർശിപ്പിച്ചുവരികയാണ്. സെപ്റ്റംബർ 26 മുതല്‍ ഒക്ടോബർ 2 വരെയാണ് ചിത്രത്തിന്റെ പ്രദർശനമുള്ളത്.
ചിത്രത്തിൻ്റെ നിർമ്മാതാക്കളും ദിയയുടെ മാതാപിതാക്കളുമായ സൂര്യയും ജ്യോതികയും ഈ സംരംഭത്തിൻ്റെ ആശയത്തിന് പിന്തുണ അറിയിച്ചു. “2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍, ബോളിവുഡിലെ വനിതാ ഗാഫർമാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന, ദിയ സൂര്യ സംവിധാനം ചെയ്ത ‘ലീഡിംഗ് ലൈറ്റ്’ എന്ന ഡോക്യു-ഡ്രാമയെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,” എന്ന് അരങ്ങേറ്റം പ്രഖ്യാപിച്ചുകൊണ്ട് അവർ പറഞ്ഞു.