ഹജ്ജ്; കരിപ്പൂരില്‍ നിന്നുള്ള നിരക്കില്‍ കുറവ് വരുത്തി, കഴിഞ്ഞ തവണ നല്‍കേണ്ടി വന്നത് 1.25 ലക്ഷം രൂപ വരെ
മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ വിമാനക്കമ്ബനികളുമായി ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ നിരക്കിനെ അപേക്ഷിച്ച് കരിപ്പൂരിലെ നിരക്കിന് ഇത്തവണ കുറവുണ്ട്.മുംബൈ ആസ്ഥാനമായ ആകാശ എയറാണ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിന് അര്‍ഹത നേടിയത്. അതേ സമയം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് സര്‍വീസിന് ഉയര്‍ന്ന നിരക്ക് കരിപ്പൂരില്‍ തന്നെയാണ്. 1.07 ലക്ഷം രൂപയാണ് കരിപ്പൂരില്‍ നിന്നുള്ള നിരക്ക്.
സൗദിയുടെ ബജറ്റ് വിമാനക്കമ്ബനിയായ ഫ്‌ളൈനാസിനാണ് കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് അനുമതി ലഭിച്ചത്. 87,697 രൂപയാകും കൊച്ചിയില്‍ നിന്നുള്ള നിരക്ക്. സൗദിയുടെ ബജറ്റ് വിമാനക്കമ്ബനിയായ ഫ്‌ളൈഡീല്‍ ആണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുക. 89,737 രൂപയാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്.
ആകാശക്കും ഫ്‌ളൈനാസിനും ഫ്‌ളൈഡീലിനും ഒപ്പം എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തു. ഈ വര്‍ഷം കരിപ്പൂരില്‍ നിന്ന് 1.25 ലക്ഷം രൂപ വരെയായിരുന്നു നിരക്ക്. കണ്ണൂരിലെ നിരക്കുമായി 40000 രൂപയായിരുന്നു വ്യത്യാസം. എന്നാല്‍ ഇത്തവണ 18000 രൂപ മുതല്‍ 19000 രൂപ വരെയാണ് വ്യത്യാസം.