വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. കുവൈത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ പ്രധാനമായും വെട്ടിക്കുറച്ചത്. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. ഇത് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കും.
സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് കുവൈത്ത്, അബുദാബി, ദുബൈ, ഷാർജ, ജിദ്ദ, ബഹ്‌റൈൻ, ദമാം, റാസൽഖൈമ, മസ്കത്ത് റൂട്ടുകളിൽ ആഴ്ചയിൽ 96 സർവിസുകളാണ് ഉണ്ടായിരുന്നത്. വിന്റർ ഷെഡ്യൂളിൽ ഇത് 54 ആയി കുറയും. കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്‌റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള സര്‍വീസുകൾ ഉണ്ടാകില്ല. സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്‌റൈൻ (ആഴ്ചയിൽ 2), ജിദ്ദ (ആഴ്ചയിൽ 2), ദമ്മാം (ആഴ്ചയിൽ 3)– ഇവ പൂർണമായും നിർത്തി. ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്ലൈറ്റുകളിൽ നിന്ന് 7 ആക്കി കുറച്ചു. മസ്കത്ത് റൂട്ടിൽ ആഴ്ചയിൽ 7 ഫ്ലൈറ്റുകളിൽ നിന്ന് 4 ആക്കി കുറച്ചു. ദുബായ്, റാസൽഖൈമ റൂട്ടിൽ ആഴ്ചയിൽ ഓരോ ഫ്ലൈറ്റുകൾ വീതം കുറച്ചു. കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകൾ ഇല്ലാത്ത അവസ്ഥയാകും. സർവീസുകൾ നിർത്തലാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് വിവിധ സംഘടനകള്‍ പ്രതികരിച്ചു.