‘250 രൂപയ്ക്ക് ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം, നാല് നായന്മാര്‍ NSS-ല്‍നിന്ന് രാജിവെച്ചെങ്കില്‍ അവര്‍ക്ക് പോയി’
പത്തനാപുരം: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുകള്‍ രാഷ്ട്രീയമല്ലെന്നും എന്നാല്‍, അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. മടിയില്‍ കനമുള്ളവനേ ഭയമുള്ളൂ എന്നുപറയുന്നത് പോലെ അദ്ദേഹത്തിന്റെ കൈയില്‍ കറപുരണ്ടിട്ടില്ലെന്നും സത്യസന്ധനാണെന്നും മന്ത്രി പറഞ്ഞു. ഏതോ ഒരുകുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്‌എസില്‍നിന്ന് രാജിവെച്ചു എന്നുപറഞ്ഞാല്‍ അതിനര്‍ഥം കേരളത്തിലെ മുഴുവന്‍ നായന്മാരും എന്‍എസ്‌എസില്‍നിന്ന് രാജിവെക്കുമെന്നാണോ എന്നും കെ.ബി. ഗണേഷ്‌കുമാര്‍ ചോദിച്ചു.
‘ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സാര്‍. ഇപ്പോള്‍ വീണ്ടും നിങ്ങള്‍ എന്നെ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്ബോള്‍ പത്തനാപുരം എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ അദ്ദേഹത്തിന്റെ പിന്നിലായി പാറപോലെ ഉറച്ചുനില്‍ക്കും എന്ന് ഞാന്‍ ആദ്യംതന്നെ പ്രഖ്യാപിക്കുന്നു.
അദ്ദേഹത്തിന്റെ നിലപാടുകള്‍ രാഷ്ട്രീയമല്ല. എന്‍എസ്‌എസ് സമദൂര സിദ്ധാന്തത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ, അഭിപ്രായം പറയാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം കഴിഞ്ഞദിവസം സര്‍ക്കാരിനേക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹം ഇതിനുമുന്‍പ് സര്‍ക്കാരിനെതിരേ പറഞ്ഞിട്ടുണ്ട്. എന്‍എസ്‌എസ് അതാത് കാലഘട്ടങ്ങളില്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളല്ല പറയുന്നത്.
സര്‍ക്കാര്‍ എന്‍എസ്‌എസുമായി സംസാരിക്കുന്നു. അതില്‍ എന്താണ് തെറ്റ്. എന്‍എസ്‌എസില്‍ വലിയ ഭിന്നത എന്ന് മാധ്യമങ്ങളില്‍ പറയുന്നു. 300-ഓളം പ്രതിനിധികള്‍ വരുന്ന എന്‍എസ്‌എസ് പ്രതിനിധിസഭാ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്താ അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പോലും ആരും ചോദിച്ചില്ല. സെക്രട്ടറി എന്ത് തീരുമാനമെടുത്താലും അതിനോടൊപ്പം ഞങ്ങളുമുണ്ട് എന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്. എല്ലാവരും അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണ അറിയിച്ചു.
ഏതോ ഒരുകുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്‌എസില്‍നിന്ന് രാജിവെച്ചു. രാജിവെച്ചാല്‍ അവര്‍ക്ക് പോയി. അല്ലാതെ നമുക്കെന്താ. ചങ്ങനാശ്ശേരിയിലെ ഒരുകുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്‌എസില്‍നിന്ന് രാജിവെക്കുന്നുവെന്ന് ടിവിയില്‍ എഴുതിക്കാണിച്ചാല്‍ അതിന് അര്‍ഥം കേരളത്തിലെ മുഴുവന്‍ നായന്മാരും എന്‍എസ്‌എസില്‍നിന്ന് രാജിവെക്കുമെന്നാണോ. അവര്‍ ആരാണെന്ന് വാര്‍ത്തയില്‍ വന്നപ്പോഴാണ് അറിഞ്ഞതുതന്നെ. ടിവിയില്‍ പറഞ്ഞപ്പോഴാണ് ഇങ്ങനെ കുടുംബമുണ്ടെന്നും അവര്‍ നായന്മാരാണെന്നും അറിഞ്ഞത്. അവര്‍ എന്‍എസ്‌എസിന് എതിരാണ്.
പത്തനംതിട്ടയില്‍ ഒരു ഫ്‌ളക്‌സ് വെച്ചു. പത്തനംതിട്ട ജില്ലയില്‍നിന്നാണല്ലോ എന്‍എസ്‌എസിനെ നശിപ്പിക്കാനുള്ള എല്ലാ കേസുകളും വ്യവഹാരങ്ങളും ഒരുങ്ങുന്നതും വരുന്നതും. അതിന് പണം ചെലവാക്കുന്നതും കള്ളക്കേസ് കൊടുക്കുന്നതും പത്തനംതിട്ട ജില്ലയില്‍നിന്നാണ്. അവിടെ ഒരു ഫ്‌ളക്‌സ് ബോര്‍ഡ്. 250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം. ആരുടെ പേരും എഴുതാം. ആരെ എന്തുംപറയാവുന്ന നാട്ടില്‍ എന്‍എസ്‌എസ് സെക്രട്ടറിക്കെതിരേ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു എന്ന് പറഞ്ഞാലോ.
മടിയില്‍ കനമുള്ളവനേ ഭയമുള്ളൂ എന്നുപറയുന്നത് പോലെ അദ്ദേഹത്തിന്റെ കൈയില്‍ കറപുരണ്ടിട്ടില്ല. സത്യസന്ധനാണ്. ഈ പ്രസ്ഥാനത്തിന് വേണ്ടി മന്നത്ത് ആചാര്യന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹം ആ ചുവടിലൂടെ കടന്നുപോകുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാലംകഴിഞ്ഞാല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെയും സമുദായത്തെയും ഇത്രയധികം സ്‌നേഹിക്കുന്ന ഒരുവ്യക്തിയെ ഈ സംസ്ഥാനത്തിനകത്തുനിന്ന് എങ്ങനെ കണ്ടുപിടിക്കും എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കും ആത്മാര്‍ഥതയോടെയാണ് അദ്ദേഹം ഈ സമുദായത്തെ സ്‌നേഹിക്കുന്നത്, ഈ പ്രസ്ഥാനത്തെ സേവിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് നാണക്കേടുണ്ടാകുന്ന ഒരുകാര്യവും അദ്ദേഹം ചെയ്യാറില്ല’, കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.