പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗ്ലാദേശിനെ കീഴടക്കി; അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്
അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. കൊളംബോയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ അണ്ടര്‍ 17 ടീം പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍റ്റിയില്‍ 4-1 നാണ് ഇന്ത്യ വിജയവും കിരീടവും പിടിച്ചെടുത്തത്. അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന ഏഴാം കിരീടമാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നിലെത്തി. നാലാം മിനിറ്റിൽ ദല്ലാൽമുൻ ഗാങ്‌ടെയാണ് ഇന്ത്യയുടെ ആദ്യഗോൾ കണ്ടെത്തിയത്. പിന്നാലെ മുഹമ്മദ് മണിക്കിലൂടെ ബംഗ്ലാദേശ് സമനില പിടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അസ്‌ലാൻ ഷാ ഖാനിലൂടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. 97-ാം മിനിറ്റിൽ ബംഗ്ലാദേശിന്റെ ഇഹ്‌സാൻ ഹബീബ് റിദ്വാൻ സമനില ഗോൾ നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി ഗാങ്‌ടെ, കൊറോ മെയ്‌തേയ് കോന്തൗജം, ഇന്ദ്ര റാണ മാഗർ, ശുഭം പൂനിയ എന്നിവർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഗോൾകീപ്പർ മനഷ്ജ്യോതി ബറുവ ബംഗ്ലാദേശിന്റെ ഒരു ശ്രമം രക്ഷിക്കുകയും മറ്റൊന്ന് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.