Fincat

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയിയുടെ മെഗാ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചെന്നൈയിലുള്ള മറ്റ് മന്ത്രിമാരും പങ്കെടുത്ത അടിയന്തര യോഗത്തിന്റേതാണ് തീരുമാനം.
ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് (റിട്ടയേഡ്) അരുണ ജഗദീശിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ചകളടക്കം ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കമ്മീഷൻ പരിശോധിക്കും.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരുരിൽ റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുക്കാൻ 10,000 പേർക്ക് മാത്രമാണ് പോലീസ് അനുമതി നൽകിയിരുന്നതെങ്കിലും, 35000 പേർ കരൂരിൽ എത്തിച്ചേർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .