അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്, മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനക്കിടെ ആക്രണം, 4 പേർ മരിച്ചു
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. പ്രാർത്ഥന നടക്കുന്നതിനിടെ തോക്കുധാരി പള്ളിക്കുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി വെടിവച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ് പള്ളിയിലാണ് അതിഭീകരമായ ആക്രമണമുണ്ടായത്. അക്രമി തൻ്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റിയ ശേഷം റൈഫിൾ ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ കെട്ടിടത്തിന് തീയിടുകയും ചെയ്തു. സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ട ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിയേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമി ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് (40) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. 2004 മുതൽ 2008 വരെ യു.എസ് സൈന്യത്തിന്റെ ഭാഗമായി ഇറാഖിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇയാൾ. ഇയാളുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. അക്രമത്തിൻ്റെ പിന്നിലെ കാരണം കണ്ടെത്താനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.