Fincat

ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്

ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇടക്കാല ഗാസ ഭരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ അംഗീകരിക്കില്ലെന്നും ടോണി ബ്ലയർ വിചാരണ നേരിടേണ്ട ആളാണെന്നും ഹമാസ് അഭിപ്രായപ്പെടുന്നു. ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 21 ഇന പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതാണ് ഹമാസ് ഭാഗികമായി തള്ളുന്നത്.

ഗാസയിൽ അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങളുടെ വിജയസാധ്യത അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഗാസയിൽ അധികാര മാറ്റത്തിന് മുന്നോടിയായുള്ള ഇടക്കാല സമിതിയെ നയിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എത്തുന്നത് അംഗീകരിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയതോടെയാണിത്. ഗാസയിൽ വെടിനിർത്തിലിനായുള്ള ഒരു പദ്ധതിയും ലഭിച്ചിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. അമേരിക്കൻ നിർദേശ പ്രകാരം ഇടക്കാല ഗാസ ഭരണസമിതിയെ നയിക്കാൻ ടോണി ബ്ലെയർ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാഖ് യുദ്ധത്തിലടക്കമുള്ള പങ്കിന് വിചാരണ നേരിടേണ്ടയാളാണ് ടോണി ബ്ലെയറെന്നും പലസ്തീൻ ജനതയ്ക്ക് ഒരു നന്മയും ടോണി ബ്ലെയർ ചെയ്തിട്ടില്ലെന്നുമാണ് ഹമാസിന്‍റെ നിലപാട്. ഗാസയിലെ ആഭ്യന്തര ഭരണം പലസ്തീൻ ജനതയാണ് തീരുമാനിക്കേണ്ടത്.