കേരളത്തിൽ വേരുകളുള്ള, പ്രമുഖ സൗദി വ്യവസായി ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) അന്തരിച്ചു
ജിദ്ദ: കേരളത്തിൽ വേരുകളുള്ള, പ്രമുഖ സൗദി വ്യവസായി ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) അന്തരിച്ചു. അബൂ റയ്യാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ നിന്നാണ് അബൂറയ്യാന്റെ കുടുംബം സൗദിയിൽ എത്തിയത്. 1949 ല്‍ ആലപ്പുഴ ആറാട്ടുപുഴയില്‍ നിന്ന് ജിദ്ദയിലെത്തി ബിസിനസ് പ്രമുഖനായി മാറിയ സഈദ് മുഹമ്മദ് അലി അബ്ദുല്‍ ഖാദര്‍ മലൈബാരിയാണ് ഇദ്ദേഹത്തിന്റെ പിതാവ്. 1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന ശൈഖ് മുഹമ്മദ് സഈദ് മലൈബാരി കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. 1980 ല്‍ ബിസിനസില്‍ ഉയര്‍ച്ചയിലെത്തി. ഒട്ടേറെ വ്യവസായങ്ങൾക്ക് നേതൃത്വം നൽകിയ അബൂ റയ്യാന്റെ സ്പോൺസർഷിപ്പിൽ നിരവധി മലയാളികളും ഉണ്ടായിരുന്നു. മുഹമ്മദ് സഈദ് കമേഴ്‌സ്യല്‍ കോര്‍പറേഷന്റെ (മൊസാകോ) ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇദ്ദേഹം ബലദിൽ കശ്മീരി ടെക്‌സ്റ്റയില്‍സ് സ്ഥാപിച്ചുകൊണ്ട് ടെക്സ്റ്റയില്‍സ് മേഖലയിലേക്ക് കടന്നുവന്നു.
ഇന്ത്യൻ വസ്ത്ര വിപണിയിലെ പ്രധാന ബ്രാൻഡായ റെയ്‌മണ്ട്‌സിന്റെ ജിദ്ദയിലെ ഉടമയും ഇദ്ദേഹമായിരുന്നു. നന്നായി മലയാളം സംസാരിക്കാന്‍ അറിയാമായിരുന്ന ഇദ്ദേഹം ഇടക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുമായിരുന്നു. ജിദ്ദയിലെ ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (ജി.ജി.ഐ) ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ‘മുസ് രിസ് ടു മക്ക’ എന്നപേരിൽ സംഘടിപ്പിച്ച ഇന്ത്യന്‍ വംശജരായ സൗദി പ്രമുഖരുടെ പ്രഥമ സംഗമത്തിൽ പങ്കെടുക്കുകയും ഇക്കഴിഞ്ഞ മെയിൽ സംഘടിപ്പിച്ച സംഗമത്തിൽ മലയാളത്തിൽ പ്രസംഗിച്ച് കാണികളുടെ കയ്യടി നേടിയിരുന്നു. ‘വീരോചിത മലൈബാരി ബര്‍ത്താനം’ എന്ന പരിപാടിയില്‍ ജിദ്ദയിലെ പ്രബുദ്ധ മലയാളി സദസ്സിന് മുമ്പില്‍ നര്‍മം കലര്‍ന്ന മലയാളത്തിലുള്ള ഇദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധ നേടിയിരുന്നു.