Fincat

വിസ നിയമങ്ങളിൽ ഭേദ​ഗതിയുമായി യുഎഇ; സന്ദർശക വിസയിൽ നാല് പുതിയ വിഭാ​ഗങ്ങൾ ഉൾപ്പെടുത്തും

വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി വിസ പരീക്ഷണ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ അതരിപ്പിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ് വിസാ നിയമങ്ങളില്‍ സുപ്രധാനമായ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്ന ഹുമാനിറ്റേറിയന്‍ റെസിഡന്‍സ് പെര്‍മിറ്റാണ് ആദ്യത്തേത്. ഒരു വര്‍ഷമാണ് കാലാവധി. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും താമസാനുമതി നല്‍കുന്നതാണ് രണ്ടാമത്തെ വിഭാഗം. വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വര്‍ഷത്തേക്ക് താമസാനുമതി ലഭിക്കും.

മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോണ്‍സറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാണ് മറ്റൊരു മാറ്റം. യുഎഇയില്‍ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവര്‍ക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയില്‍ ഓഹരി ഉടമസ്ഥതയുള്ളവര്‍ക്കോ ബിസിനസ് എക്‌സ്‌പ്ലൊറേഷന്‍ വീസയും പ്രഖ്യാപിച്ചു. എഐ മേഖലയിലെ സ്‌പെഷ്യലിസ്റ്റുകള്‍ക്കായും പ്രത്യേക വിസ പ്രഖ്യാപിച്ചിട്ടുണ്ട്.

വിനോദ ആവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി വരുന്ന വിദേശികള്‍ക്കായുളള വിസ, ക്രൂയില്‍സ് കപ്പലുകളിലും വിനോദ ബോട്ടുകളിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, പ്രദര്‍ശനം, സമ്മേളനം, സെമിനാര്‍, മത, സമൂഹ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായുള്ള വിസ എന്നിവയും പുതിയതായി പഖ്യാപിച്ചിട്ടുണ്ട്.

അടുത്ത കുടുംബാംഗങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണം. ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 8,000 ദിര്‍ഹവും സുഹൃത്തുക്കളെ സ്പാണ്‍സര്‍ ചെയ്യാനായി പതിനായിരം ദിര്‍ഹവും ശമ്പളം ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

ഒറ്റ വിസയില്‍ ആറ് ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ജിസിസി വിസ പരീക്ഷണ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പുറത്തിറക്കാനും തീരുമാനിച്ചു. ഷെങ്കന്‍ വിസയുടെ മാതൃകയിലാകും ഇത് അവതരിപ്പിക്കുകയെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കി.