സൈനിക ആസ്ഥാനത്തിന് സമീപം സ്ഫോടനം; 10മരണം,32 പേര്‍ക്ക് പരിക്കേറ്റു
ക്വറ്റ: പാകിസ്താനിലെ അർധസൈനിക വിഭാഗമായ എഫ്സി (ഫ്രോണ്ടിയർ കോർപസ്) ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെടുകയും മുപ്പത്തിരണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബലൂചിസ്ഥാൻ ആരോഗ്യ മന്ത്രാലായമാണ് ഈക്കാര്യം സ്ഥിതികരിച്ചത്.
ബലൂചിസ്ഥാൻ പ്രാവിശ്യയിലെ ക്വറ്റയിലെ സൈനിക ആസ്ഥാനത്തിന് സമീപം തിരക്കേറിയ ഒരു തെരുവിലാണ് വളരെ ശക്തമായ സ്ഫോടനമുണ്ടായത്. സ്പോടനാഘാതത്തില്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ചില്ലുകള്‍ തകർന്നെന്നും സ്ഫോടന ശേഷം വെടിയൊച്ച കേട്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സംഭവം ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാൻ കാരണമായി. അതേസമയം, സാമൂഹ്യ മാധ്യമങ്ങളില്‍ റോഡില്‍ ശക്തമായ സ്ഫോടനം നടന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.