Fincat

ഗസ്സ: ട്രംപ് തയ്യാറാക്കിയ കരാറിലെ 20 നിര്‍ദേശങ്ങളെന്തെല്ലാം?

ഗസ്സയില്‍ ശാശ്വതമായ സമാധാനം പുലരാറായെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇന്നലെ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടന്നതും ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ട്രംപ് 20ഇന കരാര്‍ മുന്നോട്ടുവച്ചിരിക്കുന്നതും. ഇത് നെതന്യാഹു അംഗീകരിച്ചിട്ടുമുണ്ട്. 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നാണ് ട്രംപ് പറയുന്നത്. 20ഇന നിര്‍ദേശങ്ങളോട് ഏത് വിധത്തിലാണ് ഹമാസ് പ്രതികരിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ട്രംപിന്റെ കരാറിലുള്ള പ്രധാന ആശയങ്ങളും നിബന്ധനകളും എന്തൊക്കെയെന്ന് പരിശോധിക്കാം.
ഗസ്സ പൂര്‍ണമായും ഒരു തീവ്രവാദ വിരുദ്ധ പ്രദേശമാകണം. അയല്‍രാജ്യങ്ങള്‍ക്ക് ഗസ്സ മുനമ്പ് ഒരു തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളും ഉയര്‍ത്തരുത്.

സഹിക്കാവുന്നതിലുമേറെ ദുരിതങ്ങള്‍ അനുഭവിച്ച ഗസ്സന്‍ ജനതയുടെ പുരോഗതിക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനവും മുനമ്പില്‍ കൊണ്ടുവരണം.

ഇരുഭാഗങ്ങളും നിബന്ധന അംഗീകരിച്ചാല്‍ എല്ലാ വിധ സൈനിക വിന്യാസങ്ങളും സൈനിക നടപടികളും ഉടനടി പിന്‍വലിക്കണം.

കരാര്‍ അംഗീകരിച്ച് 72 മണിക്കൂറുകള്‍ക്കകം എല്ലാ ബന്ദികളേയും വിട്ടയയ്ക്കണം.

ഒക്ടോബര്‍ 7 സംഭവത്തിന് ശേഷം ഇസ്രയേല്‍ ആജീവനാന്ത തടവിന് ശിക്ഷിച്ചിരിക്കുന്ന പലസ്തീനി തടവുകാരെ സ്വതന്ത്രരാക്കണം.

എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചുകഴിഞ്ഞാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ആയുധങ്ങള്‍ പിന്‍വലിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ സൗകര്യമൊരുക്കും.

ഗസ്സയിലേക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, മരുന്നുകള്‍ എന്നിവ അടിയന്തരമായി എത്തിക്കും

ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഇരു ഭാഗങ്ങളും ഇടപെടരുത്. അത് യുഎന്നും അതിന്റെ ഏജന്‍സികളും നിര്‍വഹിച്ചുകൊള്ളും.
ഗസ്സയിലെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനായി രാഷ്ട്രീയേതര സംവിധാനമുണ്ടാക്കും. മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇതിന് നേതൃത്വം നല്‍കും. പലസ്തീനില്‍ നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര പ്രതിനിധികളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടും.

ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായി ട്രംപിന്റെ സാമ്പത്തിക സമഗ്ര വികസന പദ്ധതി ആവിഷ്‌കരിക്കപ്പെടും.

ഗസ്സയുമായി ബന്ധപ്പെട്ട് ഒരു സ്‌പെഷ്യല്‍ എകണോമിക് സോണ്‍ രൂപീകൃതമാകും.

ഗസ്സയില്‍ നിന്നുള്ള കുടിയിറക്കത്തിന് ഒരു മനുഷ്യനേയും നിര്‍ബന്ധിക്കില്ല. ഗസ്സ വിടേണ്ടവര്‍ക്ക് സ്വന്തം താത്പര്യപ്രകാരം നാടുവിടാം.

ഗസ്സയുടെ ഭരണത്തില്‍ നേരിട്ടോ അല്ലാതെയോ ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെടില്ല. ഗസ്സ അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്തും.

ഹമാസ് ഉള്‍പ്പെടെയുള്ളവ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് പ്രാദേശിക പങ്കാളികളില്‍ നിന്ന് ഉറപ്പാക്കും.
ഗസ്സയില്‍ അടിയന്തരമായി വിന്യസിക്കുന്നതിനായി താത്ക്കാലികമായി ഒരു ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് വികസിപ്പിക്കുന്നതിന് അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കും.

ഇസ്രയേല്‍ ഗസ്സ ഒരു കാരണവശാലും പിടിച്ചടക്കില്ല. ഗസ്സയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇസ്രയേല്‍ സൈന്യം അത് ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സിന് കൈമാറും.

ഇസ്രയേലിനും പലസ്തീനുമിടയില്‍ മതത്തിന് അതീതമായ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംവാദസാധ്യത പയ്യെ തെളിഞ്ഞുവരും.

ഗസ്സ പുനര്‍വികസനം സാധ്യമാകുകയും പലസ്തീന്‍ അതോരിറ്റി പരിഷ്‌കരണം നടക്കുകയും ചെയ്താല്‍ പയ്യെ പലസ്തീന് സ്വയം നിര്‍ണയാവകാശത്തിലേക്കുള്ള വഴിതുറന്നേക്കാം.

സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിനായി ഇസ്രയേലിനും പലസ്തീനുമിടയില്‍ സംവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അമേരിക്ക മുന്‍കൈയെടുക്കും.

ഹമാസ് ഈ നിര്‍ദേശങ്ങള്‍ നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്താന്‍ ടെറര്‍ ഫ്രീ പ്രദേശങ്ങളില്‍ സഹായം എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.