Fincat

ജപ്തി ഭീഷണി; യുവാവ് ജീവനൊടുക്കി, പണം തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ലെന്ന് ബന്ധുക്കള്‍


ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹൻ ആണ് ആത്മഹത്യ ചെയ്തത്.പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സർവ്വീസ് സഹകരണ ബാങ്കില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ തൂങ്ങിമരിക്കുകയായിരുന്നു.

ഏക വീടുള്ളവരെ ജപ്തി നടപടികളുടെ ഭാഗമായി ഇറക്കി വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ജപ്തി ഭീഷണിയെ തുടർന്ന് കണിച്ചുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്തത്. 2015-ല്‍ ആണ് വൈശാഖിന്റെ അമ്മയുടെ പിതാവ് രാഘവൻ ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. എന്നാല്‍ തിരിച്ചടവ് പലതവണ മുടങ്ങി. പിന്നാലെ കഴിഞ്ഞ ദിവസം ബാങ്ക് ഹിയറിംഗ് വെച്ചു.

വൈശാഖും അമ്മ ഓമനയും ഹിയറിങ്ങില്‍ പങ്കെടുത്ത് തിരിച്ചടവിന് ഒരു മാസത്തെ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ സാവകാശം നല്‍കാൻ ബാങ്ക് തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കയർ തൊഴിലാളി ആയിരുന്നു വൈശാഖ്. നടുവേദനയെ തുടർന്ന് സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് എത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ,ആശങ്കകള്‍ പങ്കുവെയ്ക്കൂ)