Fincat

‘ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാനെത്തിച്ചത് അഴിച്ചെടുത്ത് ഒരു മാസം കഴിഞ്ഞ്’; ദുരൂഹത തുടരുന്നു


തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങളില്‍ അടിമുടി ദുരൂഹതതുടരുന്നു.അഴിച്ചെടുത്ത ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് ഒരുമാസം കഴിഞ്ഞാണെന്ന് വെളിപ്പെടുത്തല്‍. 2019-കാലത്ത് തിരുവാഭരണ കമ്മിഷണറായിരുന്ന ആര്‍.ജി.രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയത്.
‘2019-ഓഗസ്റ്റിലാണ് ഞാന്‍ തിരുവാഭരണ കമ്മിഷണറായി ചുമതലയേറ്റത്. ജൂലായില്‍ തന്നെ ഇത് അഴിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഇത് ചെന്നൈയിലെത്തിയത്. ഇത്രയും ദിവസം ഇത് എവിടെയായിരുന്നു എന്നതിന് രേഖകളില്ല. ചെമ്ബ് പാളികള്‍ ഇളക്കി തൂക്കം നോക്കീ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം പൂശുന്നതിനായി കൈമാറണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്. എ.പദ്മകുമാറാണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദേവസ്വത്തിലിരിക്കുന്ന വസ്തു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ നല്‍കിയതെന്ന് അറിയില്ല’ ആര്‍.ജി.രാധാകൃഷ്ണന്‍ പറഞ്ഞു.
ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണ്ണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിന് എവിടെയും തെളിവില്ല. ദേവസ്വംബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് ഇറക്കിയ ഉത്തരവില്‍ ചെമ്ബ് എന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമലയില്‍ പീഠങ്ങള്‍ നല്‍കിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ നിലപാട്. എന്നാല്‍ കാണാതായെന്നു പറഞ്ഞ പീഠങ്ങള്‍ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കഥകളെല്ലാം പൊളിഞ്ഞിരുന്നു. എന്തിന് കള്ളം പറഞ്ഞെന്നാണ് ഉയരുന്ന ചോദ്യം.
ആറന്മുള സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരന്‍ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്ബോഴും വിശേഷദിവസങ്ങളില്‍ പൂജയ്ക്ക് കൊണ്ടുപോകുമ്ബോഴും അറ്റകുറ്റപ്പണിക്കു നല്‍കുമ്ബോഴും തൂക്കം ഉള്‍പ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.
ഉത്തരംകിട്ടേണ്ട ചോദ്യങ്ങള്‍
• ശബരിമലയില്‍ വഴിപാടായി നല്‍കിയ പീഠവും ദ്വാരപാലകശില്പത്തിലെ സ്വര്‍ണപ്പാളികളും യഥേഷ്ടം കൈകാര്യംചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്‍കി
• പീഠങ്ങള്‍ കൈവശമുണ്ടായിട്ടും കാണാതായെന്നു പറഞ്ഞതെന്തിന്
• ദേവസ്വം ബോര്‍ഡ് സംശയിക്കുന്നതുപോലെ ഗൂഢാലോചനയുണ്ടായെങ്കില്‍ പിന്നിലാര്
• പീഠങ്ങള്‍ ശബരിമലയില്‍ ഏല്പിക്കുന്നതിനു പകരം കൈവശംവെച്ചതെന്തിന്. ഏതെങ്കിലും കാരണത്താല്‍ ബോര്‍ഡ് കൈപ്പറ്റാതിരുന്നതാണെങ്കില്‍ അക്കാര്യം നേരത്തേ പറയേണ്ടതല്ലേ?
• പീഠങ്ങള്‍ കൈവശംവെച്ചതിനു പിന്നിലെന്തെങ്കിലും സാമ്ബത്തികലക്ഷ്യമുണ്ടായിരുന്നോ
• ഭക്തര്‍ നടയ്ക്കുവെക്കുന്ന സാധനങ്ങളുടെ ഉടമസ്ഥര്‍ ദേവസ്വം ബോര്‍ഡാണെന്നിരിക്കെ ഇത്രയും പ്രധാനപ്പെട്ടവ അലക്ഷ്യമായി കൈകാര്യംചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച എത്രത്തോളം
• സഹായിയുടെ കൈവശം പീഠങ്ങളുണ്ടായിട്ടും അതു മറച്ചുവെച്ചതില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ
• പീഠം ശബരിമലയില്‍നിന്ന് കാണാതായതാകാമെന്ന്, ആഗോള അയ്യപ്പസംഗമം നടക്കാറായപ്പോള്‍ത്തന്നെ പറഞ്ഞതെന്തിന്