Fincat

യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ല; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


ഇടുക്കി: മൂന്നാറില്‍ യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരുന്ന കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സെപ്റ്റംബര്‍ 27-ന് സര്‍വീസ് നടത്തവെ ഒരു യാത്രക്കാരിയില്‍ നിന്നും യാത്രാക്കൂലി ഈടാക്കിയശേഷം ടിക്കറ്റ് നല്‍കിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സൈറ്റ് സീയിംഗ് ബസില്‍ വൈകുന്നേരം നാലുമണിയോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് പരിശോധനയ്ക്കായി കയറിയിരുന്നു. വ്യക്തിഗത ടിക്കറ്റ് പരിശോധനയിലാണ് യാത്രക്കാരിയില്‍ നിന്നും യാത്രാക്കൂലി ഈടാക്കിയശേഷം ടിക്കറ്റ് നല്‍കിയില്ലെന്ന് കണ്ടെത്തിയത്. കണ്ടക്ടറുടെ ക്യാഷ് ബാഗ് പരിശോധിച്ചപ്പോള്‍ 821 രൂപ അധികമായി കണ്ടെത്തുകയും ചെയ്തു.

സര്‍വീസ് നടത്തിപ്പിനിടയില്‍ യാത്രക്കാരില്‍ നിന്ന് യാത്രാക്കൂലി ഈടാക്കി ടിക്കറ്റ് തുക കോര്‍പ്പറേഷന്റെ വരുമാനത്തില്‍ മുതല്‍ക്കൂട്ടാകാന്‍ ബാധ്യസ്ഥനായ കണ്ടക്ടര്‍ യാത്രാക്കൂലി ഈടാക്കിയശേഷം ടിക്കറ്റ് നല്‍കാതെ യാത്രക്കാരെയും കോര്‍പ്പറേഷനെയും കബളിപ്പിച്ച്‌ പണാപഹരണം നടത്താന്‍ ശ്രമിച്ചുവെന്നും ഈ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും സ്വഭാവദൂഷ്യവും കോര്‍പ്പറേഷന്റെ സത്‌പ്പേരിന് കളങ്കം ചാര്‍ത്തുന്നതുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണ വിധേയമായാണ് കണ്ടക്ടറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.