Fincat

ട്രോഫി വേണമെങ്കില്‍ നേരിട്ടുവന്ന് വാങ്ങട്ടേ; നഖ്‌വിയുടെ ആവശ്യം ഇങ്ങനെയെന്ന് റിപ്പോര്‍ട്ട്‌

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായ ടീം ഇന്ത്യ ട്രോഫി കൈമാറാൻ വിസമ്മതിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവനുമായ മൊഹ്‌സിൻ നഖ്‌വി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലെത്തി ട്രോഫി സ്വീകരിക്കണമെന്നും നഖ്‌വി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.

ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വെച്ച് മൊഹ്‌സിൻ നഖ്‌വിയെ ബിസിസിഐ ശക്തമായി ചോദ്യം ചെയ്തിരുന്നു. ഫൈനലിന് ശേഷം ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളുമായി കടന്നുകളഞ്ഞ സംഭവത്തിൽ‌ നഖ്‌വിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച, ഏഷ്യ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം മൊഹ്സിന്‍ നഖ്‌വി നിരസിച്ചെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത. ഇന്ത്യന്‍ ക്യാപ്റ്റന്‍ നേരിട്ടെത്തി ട്രോഫി വാങ്ങണമെന്നും നഖ്‌വി ആവശ്യപ്പെട്ടതായാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ ടീം ഉറച്ചുനിന്നിരുന്നു. നിലപാടില്‍ നിന്നും ഇന്ത്യന്‍ ടീം മാറാതിരുന്നതോടെ നഖ്‌വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം തുടങ്ങിയിരുന്നു.