Fincat

മലയാളത്തിന്റെ സഞ്ജു സാംസൺ! എന്തായിരുന്നു ഫൈനലിലെ റോൾ?

മലയാള സിനിമയുടെ നെടും തൂണുകളിലൊരാളായ മോഹൻലാൽ, നമ്മുടെ ലാലേട്ടനെ ഉദാഹരണമാക്കി ഏഷ്യാ കപ്പിനിടെ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിവ. മോഹൻലാൽ സിനിമയിൽ ഏത് റോൾ വേണമെങ്കിലും ചെയ്യുന്നതുപോലെ രാജ്യത്തിന് വേണ്ടി ഏത് റോൾ ഏറ്റെടുക്കാനും താൻ തയ്യാറാണെന്നാണ് സഞ്ജു പറഞ്ഞത്.

ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്‌കാരം മലയാളത്തിന്റെ മോഹൻലാൽ നേടിയപ്പോഴായിരുന്നു സഞ്ജു അയാളെ പോലെ ഏത് റോളിലും താൻ ഓക്കെ ആണെന്ന് പറയുന്നത്.

ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ മുതൽ സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെപറ്റിയും അദ്ദേഹം കളിക്കുന്ന പൊസിഷനെ പറ്റിയുമെല്ലാം ഒരുപാട് ചർച്ചകൾ ഉടലെടുത്തു. ഓപ്പണിങ്ങിൽ നിന്നും മാറ്റപ്പെട്ട സഞ്ജുവിന് മധ്യനിരയിലും അവസരങ്ങൾ നിശേധിക്കപ്പെട്ടു. എന്നാലും കിട്ടിയ അവസരങ്ങൾ മുതലാക്കാനും അയാൾ ശ്രമിച്ചു.

ഒടുവിൽ ഏഷ്യാ കപ്പിന്റെ ഫൈനൽ വേദിയിൽ, ലോകം ഉറ്റ് നോക്കുന്ന മണിക്കൂറുകളിൽ പാകിസ്താനെതിരെ കച്ചക്കെട്ടിയ ഇന്ത്യൻ നിരയിൽ തന്റെ റോളിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരാൾ കൂടിയുണ്ടായിരുന്നു, മലയാളത്തിന്റെ സഞ്ജു വി സാംസൺ!

ഒരു ക്ലാസിക്ക് ക്രിക്കറ്റ് മാച്ചിന്റെ എല്ലാ ചെരുവുകളുമടങ്ങിയ ഒരു ഫൈനലായിരുന്നു ദുബൈയിൽ അരങ്ങേറിയത്. ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും ഇന്ത്യൻ ടീമിന്റെ ഗംഭീര തിരിച്ചുവരവാണ് ഇതിൽ ഏറ്റവും ത്രസിപ്പിച്ചിതും. ബൗളിങ്ങിൽ സ്പിന്നർമാർ കളി ഇന്ത്യക്ക് വേണ്ടി തിരിച്ചപ്പോൾ ബാറ്റിങ്ങിൽ തിലക് വർമയും സഞ്ജു സാംസണും പിന്നീട് ദുബെയു ന ടത്തിയ ചെറുത്ത് നിൽപ്പാണ് നിർണായകമായത്.

2011 ഏകദിന ലോകകപ്പ് ഫൈനൽ ഓർക്കുന്നുണ്ടോ? ശ്രീലങ്കക്കെതിരെ 275 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമാകുന്നു. സ്‌കോർബോർഡിൽ 31 റൺസ്. പുറത്തായാതകട്ടെ സച്ചിൻ ടെണ്ടുൽക്കറും വിരേദന്ദർ സെവാഗും. പിന്നീട് ഗൗതം ഗംഭീറും ക്യാപ്റ്റൻ ധോണിയും കളിച്ച കളി നമ്മൾ എപ്പോഴും ഓർത്തിരിക്കുന്നതാണ്. എന്നാൽ അന്ന് ആ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ഗംഭീറിനൊപ്പം ക്രീസിലെത്തിയ 22 വയസ്സുകാരനായ വിരാട് കോഹ്ലി നടത്തിയ ചെറുത്ത് നിൽപ്പുണ്ട്. മത്സരത്തിലെ വളരെ നിർണായകമായൊരു സമയത്തായിരുന്നു ഇത്.

സ്‌കോർബോർഡ് നോക്കിയാൽ 49 പന്തിൽ 35 റൺസാണ് വിരാട് നേടിയത്. എന്നാൽ മത്സരത്തിന്റെ കോണ്ടെക്‌സറ്റിൽ വിരാട് അടിച്ചുക്കൂട്ടിയ സെഞ്ച്വറികൾ പോലെ പൊന്നും വിലയുണ്ട്. വിരാട് പുറത്താകുമ്പോൾ സ്‌കോർബോർഡിൽ 114 റൺസുണ്ടായിരുന്നു ഇന്ത്യക്ക് . മൂന്നാം വിക്കറ്റിൽ 81 റൺസിന്റെ നിർണായക കൂട്ടുക്കെട്ട്.

ഇതിപ്പോൾ ഇവിടെ പറയാൻ വ്യക്തമായ കാരണമുണ്ട്. ഇന്ത്യ-പാക് ഫൈനലിലും സമാനമായ Situationൽ ആണ് സഞ്ജു സാംസൺ ക്രീസിലെത്തുന്നത്. ഫഹീം അഷ്റഫിന്റെ പന്തിൽ ഹാരിസ് റൗഫിന് ക്യാച്ച് നൽകി വൈസ് ക്യാപറ്റൻ ശുഭ്മാൻ ഗിൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർബോർഡിൽ വെറും 20 റൺസ്.

തീ ഫോമിലുണ്ടായിരുന്ന അഭിഷേക് ശർമയും ഫോമില്ലായ്മയുടെ പീക്കിലുണ്ടായിരുന്ന ക്യാപ്റ്റൻ സൂര്യയും നേരത്തെ കൂടാരം കയറിയിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചാമനായി, അഞ്ചാം ഓവറിൽ സാംസൺ ക്രീസിലെത്തുന്നത്.

ഓപ്പണിങ്ങിൽ താൻ സെഞ്ച്വറികൾ അടിച്ചുക്കൂട്ടിയിട്ടുണ്ടെന്നും, വേണമെങ്കിൽ ഇന്ന് അടിച്ച് അങ്ങ് ഹീറോയാകാം എന്നക്കെയുള്ള ചിന്ത സഞ്ജു മറന്നെ മതിയാവു, അതായിരുന്നു സാഹചര്യം. അയാൾ പറഞ്ഞത് പോലെ തന്നെ എന്താണ് റോൾ അത്അറിഞ്ഞ് കളിക്കണം. തിലക് വർമയുമൊത്ത് നങ്കൂരമിട്ട് തന്നെ സഞ്ജു മുന്നോട്ട് നീങ്ങി. വലിയ Target അല്ലാത്തത് കൊണ്ട് തന്നെ ഒരു മയത്തിൽ സ്‌കോർ ചെയ്താൽ മതിയായിരുന്നു ഇന്ത്യക്ക്.

ആകാശോത്തോളം നിറഞ്ഞ ആവേശത്തോടപ്പം ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ എല്ലാ പ്രഷറും തങ്ങളുടെ തോളിലേറ്റെടുത്തായിരുന്നു പിന്നീട് സഞ്ജുവും 22 കാരനായ തിലകും നീങ്ങിയത്. അഞ്ചാം ഓവറിലെ അവസാന പന്തിൽ നേരിട്ട മൂന്നാം പന്തിൽ തന്നെ ഷഹീൻ ഷാ അഫ്രീദിയെ ബൗണ്ടറി കടത്താൻ സഞ്ജുവിനായി.

പിന്നീട് റൺറേറ്റ് താഴെ പോകാതെ എന്നാൽ വലിയ റിസ്‌കുകളുമെടുക്കാതെ ഇരുവരും മുന്നോട്ട് നീങ്ങി. തിലക് കുറച്ചുകൂടി സ്ട്രോക്കുകൾ കളിച്ചപ്പോൾ സഞ്ജു പിന്തുണയുമായി നിന്നു.
ഒടുവിൽ അബ്രാർ അഹമ്മദിന്റെ ഓവറിൽ ടീം സ്‌കോർ 77ൽ നിൽക്കവെ സിക്സറടിക്കാൻ ശ്രമിച്ച സഞ്ജു സാഹിബ്സാദ ഫർഹാന് ക്യാച്ച് നൽകി ഔട്ടായി മടങ്ങി. 21 പന്തിൽ രണ്ട് ഫോറും ഒരു സിക്സറുമടക്കം 24 റൺസാണ് അയാളുടെ പേരിലുണ്ടായത്. നേരത്തെ പറഞ്ഞത് പോലെ വലിയ സ്‌കോറല്ല ഇത്. എന്നാൽ ടീമിന് സഞ്ജുവിനെക്കൊണ്ടുള്ള അപ്പോഴത്തെ ആവശ്യം അതായിരുന്നു.

മൂന്ന് വിക്കറ്റുകൾ പോയി തകർന്നു നിൽക്കുന്ന ഇന്ത്യയെ കരകയറ്റാനും, പമ്പ് ആയി നിൽക്കുന്ന പാകിസ്താന്റെ ആവേശത്തെ പൊടിക്കൊന്ന് അടക്കാനും സഞ്ജുവിന്റെ ബാറ്റിങ്ങിനും തിലകുമായുള്ള കൂട്ടുക്കെട്ടിനും സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ നാളെ സ്‌കോർബോർഡ് മാത്രം നോക്കുന്നവർക്ക് ഈ ഒരു ഇന്നിങ്‌സിന്റെ വിലയറിയണമെന്നില്ല.

സഞ്ജുവിന് ഹീറോ ആകാനുള്ള സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത് എന്ന് കരതുന്നവരുമുണ്ടാകാം.. എന്നാൽ ചിലപ്പോഴൊക്കെ നിങ്ങൾക്ക് ഹീറോയെ സഹായിക്കുന്ന, ഒപ്പം കട്ടക്ക് നിൽക്കുന്ന സഹനടനാകേണ്ടതുണ്ട്, അതായിരുന്നു ഏഷ്യാ കീഴടക്കിയ ഇന്ത്യൻ ടീമിലെ മലയാളത്തിന്റെ സഞ്ജു സാംസണിന്റെ റോൾ!