ഹാട്രിക്കുമായി മിന്നി എംബാപ്പെ ! യുസിഎല്ലിൽ റയലിന് ത്രസിപ്പിക്കുന്ന ജയം
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. കസാഖ്സ്ഥാൻ ക്ലബ്ബായ കൈറാറ്റിനെ എതിരില്ലാതെ അഞ്ച് ഗോളുകൾക്കാണ് മാഡ്രിഡ് തകർത്തത്. ഹാട്രിക്കുമായി കളം നിറഞ്ഞ സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് മാഡ്രിഡിന് വമ്പൻ ജയം സമ്മാനിച്ചത്. എഡ്വാർഡോ കമവിങ്ക, ബ്രാഹിം ഡിയാസ് എന്നിവരാണ് മറ്റ് രണ്ട് ഗോൾസ്‌കോറർമാർ. ചാമ്പ്യൻസ് ലീഗിലെ എംബാപ്പെയുടെ നാലാം ഹാട്രിക്കായിരുന്നു ഇത്.
സീസണിൽ 15ാമത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകളും പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗിൽ പുതുമുഖങ്ങൾ ആയ കൈറാറ്റ് എഫ്‌സിക്ക് സ്വന്തം മണ്ണിൽ റയലിനൊപ്പം പിടിച്ചുനിൽക്കാനായില്ല. 25 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടിയെ ഗോളാക്കി മാറ്റിയാണ് എംബാപ്പെ ഗോൾ വേട്ട ആരംഭിച്ചത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മാത്രം റയലിനെ അടക്കി നിർത്താൻ കൈറാറ്റിന് സാധിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റയലിനെയും എംബാപ്പെയെയും പിടിച്ചുനിർത്താൻ കൈറാറ്റിന് സാധിച്ചില്ല.
52 മത്തെ മിനിറ്റിൽ കോർട്ടോയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ എംബാപ്പെ 73 മത്തെ മിനിറ്റിൽ ആർദ ഗൂളറുടെ പാസിൽ നിന്നു നേടിയ ഗോളിലൂടെ തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കാമവിങ റയലിന്റെ നാലാം ഗോൾ സ്വന്തമാക്കി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഗാർസിയയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് ലീഡ് അഞ്ചാക്കി.
യുസിഎൽ ഈ സീസണിലെ റയലിന്റെ രണ്ടാം ജയമാണ് ഇത്. പോയിന്റ് പട്ടികയിൽ ബയേൺ മ്യൂണിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.