ഇന്ത്യക്കെതിരായ ട്രംപിൻ്റെ കടുത്ത നീക്കങ്ങൾക്കിടെ പുടിൻ്റെ തന്ത്രപ്രധാന തീരുമാനം
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം. സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.
പകരക്കാരനില്ലാത്ത അമരക്കാരൻ, വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രിയും ഗവർണറും, നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി
എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവനും ഗവർണറും. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വർഷം തുടർന്ന നേതാവാണ് വെള്ളാപ്പള്ളി. കുത്തഴിഞ്ഞു കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പുസ്തകമാക്കി മാറ്റി. പ്രവർത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ചീത്ത വാക്കുകൾ പറഞ്ഞ സ്ഥലമാണ് വർക്കല. അവിടെ നിന്ന് നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ മറുപടി പറഞ്ഞു.