ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമായി, 25000 കോടിയുടെ നിക്ഷേപവും രണ്ടു ലക്ഷം തൊഴിലവസരങ്ങളും
കൊച്ചി : ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമാകുന്നു. ലാന്‍ഡ് പൂളിംഗിലൂടെ മുന്നൂറ് ഏക്കറിലധികം ഭൂമി കണ്ടെത്തി ഇന്‍റഗ്രേറ്റഡ് എഐ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള നടപടികളിലേക്കാണ് ഇന്‍ഫോപാര്‍ക്ക് കടക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരുപത്തി അയ്യായിരം കോടിയുടെ നിക്ഷേപവും രണ്ടു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വാഗ്ദാനം.
സ്ഥല പരിമിതിയാണ് ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന് തടസമായിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് ലാന്‍ഡ് പൂളിംഗ് എന്ന പുതിയ ആശയത്തിലൂടെ സ്ഥലം കണ്ടെത്താന്‍ ഇന്‍ഫോപാര്‍ക്ക് ഒരുങ്ങുന്നത്.സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ട് ഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയിൽ റോഡുകൾ, IT പാർക്കുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി വികസനം നടത്തുന്നു. അതിനുശേഷം, ഈ വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം, ബാക്കിയുള്ള ഭാഗം ഭൂമി ഭൂവുടമകൾക്ക് തിരികെ നൽകുന്നു. ഇതാണ് ലാന്‍ഡ് പൂളിംഗ്. വികസിപ്പിച്ച ഭൂമിയുടെ മൂല്യം പല മടങ്ങ് വർദ്ധിക്കുന്നതിനാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ ആളുകള്‍ തയാറാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആദ്യമായാണ് ലാന്‍ഡ് പൂളിംഗിലൂടെ ഒരു പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ അവകാശപ്പെടുന്നു.
എറണാകുളം ജില്ലയിലെ കുന്നത്തുനാട്,കിഴക്കമ്പലം പഞ്ചായത്തുകളിലായി മുന്നൂറ് ഏക്കര്‍ കണ്ടെത്താനാണ് ശ്രമം. ജിസിഡിഎയ്ക്കാണ് ലാന്‍ഡ് പൂളിംഗിന്‍റെ ഉത്തരവാദിത്തം.ഐടി കമ്പനികളെ ആകര്‍ഷിക്കലും മാര്‍ക്കറ്റിംഗും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇന്‍ഫോപാര്‍ക്കും നടത്തും. പദ്ധതിക്കായി കണ്ടുവച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളുമായുളള ആശയവിനിമയമടക്കം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബൃഹദ് പദ്ധതിയെങ്കിലും ഭൂമി ഏറ്റെടുക്കലിനായി മുന്നോട്ടു വച്ചിരിക്കുന്ന ലാന്‍ഡ് പൂളിംഗ് ആശയം ഭൂ ഉടമകള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനം.