ഇന്നത്തെ പ്രധാന വാർത്തകൾ: പ്രധാനമന്ത്രി ആർഎസ്എസ് പരിപാടിയിൽ, മുസ്ലിം ലീഗ് നേതൃയോഗം
പ്രധാനമന്ത്രി ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥി
ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്. ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്ററാംപും പ്രത്യേക നാണയവും മോദി ചടങ്ങിൽ അവതരിപ്പിക്കും. നേരത്തെ ആർഎസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി സർസംഘചാലക് മോഹൻ ഭാഗവതിന്റെ എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ലേഖനവും പ്രസിദ്ധികീരിച്ചിരുന്നു.
മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത്
മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും.മലപ്പുറം ലീഗ് ഓഫീസിലാണ് രാവിലെ നേതൃയോഗം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. ജില്ലകൾ കേന്ദ്രീകരിച്ച് സംസ്ഥാന ഭാരവാഹികൾക്ക് തെരെഞ്ഞെടുപ്പ് ചുമതലകൾ ഏൽപ്പിക്കും. എൻ എസ്.എസ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നത് തെരെഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് മുസ്ലീം ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്.എൻ.എസ്.എസുമായി സമവായത്തിലേക്ക് കോൺഗ്രസ് നേതൃത്വം എത്തണമെന്ന അഭിപ്രായം ലീഗ് നേതാക്കൾക്ക് ഉണ്ട്..ഇക്കാര്യവും തദ്ദേശഭരണ സ്ഥാപനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച വികസന സദസിൽ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ യോഗം ചർച്ച ചെയ്യും.യു.ഡി.എഫ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും വികസന സദസിൽ പങ്കെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കൾക്ക് താൽപര്യമുണ്ട്.