Fincat

നാളെ ​ഗാന്ധിജയന്തി, മഹാത്മാവിന്റെ ജന്മദിനം

നാളെ ഒക്ടബർ രണ്ട്- ​ഗാന്ധിജയന്തി. മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി എന്ന ​ഗാന്ധിജിയുടെ ജന്മദിനം. സത്യാ​ഗ്രഹം എന്ന സമരമാർ​ഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവ്, ഇന്ത്യയുടെ രാഷ്ട്രപിതാവ്. 1947 ഓഗസ്റ്റ്‌ 15 -ന്‌ ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിന്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 -നാണ് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ്‌ അദ്ദേഹം മരണമടയുന്നത്.

​ഗാന്ധിജിയുടെ കേരളസന്ദർശനം

ആ മഹാത്മാവ് തന്റെ സമരപാതയിൽ കേരളത്തിലും സന്ദർ‌ശനം നടത്തിയിട്ടുണ്ട്. അഞ്ച് തവണയാണ് അദ്ദേഹം കേരളം സന്ദർശിച്ചത്.

1920 ഓഗസ്റ്റ് 18

1920 ഓഗസ്റ്റ് 18 -നായിരുന്നു മഹാത്മാവിന്റെ ആദ്യത്തെ കേരള സന്ദർശനം. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർത്ഥമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനം. 18 -ാം തീയതി കോഴിക്കോട് കടപ്പുറത്ത് മൗലാനാ ഷൗക്കത്തലിയുടെ കൂടെ പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം ആ​ഗസ്ത് 19 -ന് മംഗലാപുരത്തേക്കു പോവുകയായിരുന്നു.

1925 മാർച്ച് 8 മുതൽ 19 വരെ

1925 മാർച്ച് 8 മുതൽ 19 വരെയായിരുന്നു ​ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം. ആ സന്ദർശനത്തിൽ 12 ദിവസം അദ്ദേഹം കേരളത്തിൽ ചിലവഴിച്ചു. വൈക്കം സത്യാ​ഗ്രഹത്തോടനുബന്ധിച്ചായിരുന്നു ആ വരവ്. അന്ന് അദ്ദേഹം കേരളത്തിലെ വിവിധ നേതാക്കളുമായി ചർച്ചകൾ നടത്തി. വിവിധ സ്ഥലങ്ങളിൽ പ്രസം​ഗിച്ചു. ക്ഷേത്രങ്ങളിൽ എല്ലാ ജനവിഭാ​ഗങ്ങൾക്കും പ്രവേശനമില്ലാതിരുന്ന ആ കാലത്ത് അദ്ദേഹത്തിന്റെ പ്രധാന ചർച്ചകളെല്ലാം ഈ തൊട്ടുകൂടായ്മയേയും തീണ്ടിക്കൂടായ്മയേയും കുറിച്ചുള്ളതായിരുന്നു.

അന്ന് ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിൽ എത്തിയ ​ഗാന്ധിജി പിന്നീട് വർക്കല ശിവ​ഗിരിയിലെത്തുക​യും ശ്രീനാരായണ​ഗുരുവിനെ സന്ദർശിക്കുകയും ചെയ്തു. തൊട്ടുകൂടായ്മയെ കുറിച്ച് മണിക്കൂറുകളോളം ഇരുവരും ചർച്ച നടത്തിയതായും ചരിത്രത്തിൽ കുറിക്കപ്പെട്ടിരിക്കുന്നു.

തിരുവിതാംകൂർ റീജൻറ് റാണി സേതുലക്ഷ്മിബായി, അഹ്​മദാബാദിലെ സബർമതി ആശ്രമം സെക്രട്ടറിയായിരുന്ന ടൈറ്റസ്​ തേവർതുണ്ടിയിൽ എന്നിവരെയെല്ലാം ഈ കേരളയാത്രയിൽ അദ്ദേഹം സന്ദർശിച്ചു. 15 -ന് ആറന്മുള ക്ഷേത്രദർശനം നടത്തിയതായും പറയുന്നു. ​ഗാന്ധിജിയുടെ ആ സന്ദർശനം മധ്യതിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരത്തിന്റെ കനലെരിയിക്കുന്നതായി മാറി. നിരവധി സ്ഥലങ്ങളിൽ ഈ യാത്രയിൽ അദ്ദേഹം സന്ദർശനം നടത്തുകയും പ്രസം​ഗിക്കുകയും ചെയ്തു.

1927 ഒക്ടോബർ 9 മുതൽ 15 വരെ

1927 ഒക്ടോബർ 9 മുതൽ 15 വരെയായിരുന്നു ​ഗാന്ധിജിയുടെ അടുത്ത കേരള സന്ദർശനം. തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അന്ന് എല്ലാ ജാതിക്കാരെയും വഴിനടക്കാൻ അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്തിയത് ഈ യാത്രയിലാണ്. പാലക്കാടും കോഴിക്കോടും അടക്കം വിവിധ ജില്ലകളിൽ പോവുകയും സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു ഈ യാത്രയിൽ അദ്ദേഹം.

1934 ജനുവരി 10 മുതൽ 22 വരെ

1934 ജനുവരി 10 മുതൽ 22 വരെയായിരുന്നു ​ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദർശനം. ഹരിജനഫണ്ട് ലക്ഷ്യമാക്കിയായിരുന്നു ആ സന്ദർശനം. ഒലവക്കോട് റെയിൽവേ സ്​റ്റേഷനിൽ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചു. 1928 -ലായിരുന്നു ശ്രീനാരായണ​ഗുരുവിന്റെ മരണം. അദ്ദേഹത്തിന്റെ മരണശേഷമുള്ള ​ഗാന്ധിജിയുടെ ആദ്യത്തെ കേരള സന്ദർശനമായിരുന്നു അത്. ഈ സന്ദർശനത്തിലാണ് കൗമുദി എന്ന പെൺകുട്ടി ​ഗാന്ധിജിക്ക് തന്റെ ആഭരണങ്ങൾ ഊരി നൽകിയത്. പയ്യന്നൂരിൽ ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചതും ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സാമൂതിരിയെ കണ്ടതും ഈ യാത്രയിലാണ്.

1937 ജനുവരി 12 മുതൽ 21 വരെ

1937 ജനുവരി 12 മുതൽ 21 വരെയായിരുന്നു ​ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം. തിരുവിതാംകൂറിൽ നടത്തിയ ഈ സന്ദർശനത്തിലാണ് അദ്ദേഹം അയ്യങ്കാളിയെ കാണുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യം വിളിച്ചോതിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിക്കേണ്ടുന്നതിനെ കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തിയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദർശനങ്ങളെല്ലാം.