Fincat

ഒടുവിൽ അത് സംഭവിച്ചു’, നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ

ഗാസ: ഗാസയിൽ നിർണായക സൈനിക നീക്കം നടത്തിയെന്നും സൈന്യം നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്നും ഇസ്രയേലിന്‍റെ പ്രഖ്യാപനം. ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തിൽ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയെ പൂർണമായി വളഞ്ഞതായി ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ഗാസ സിറ്റിയിൽ അവശേഷിക്കുന്ന ജനങ്ങൾ ഉടൻ സ്ഥലം വിടണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ അവരെ തീവ്രവാദികളോ അവരെ പിന്തുണയ്ക്കുന്നവരോ ആയി കണക്കാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഈ കടുത്ത നിലപാട് പ്രദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. സമാധാന ചർച്ചകൾക്കിടയിലും ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടരുകയാണ്.

ഗാസ ജനതക്ക് അന്ത്യശാസനം
നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ, ഗാസയിലെ ജനങ്ങൾക്ക് നഗരം വിടാനുള്ള അവസാന അവസരമാണ് നൽകുന്നതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ആവർത്തിച്ചു. ഇസ്രയേലിന്റെ ഈ നടപടികൾ പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങൾക്കിടെയാണ് ഇസ്രയേലിന്‍റെ ശക്തമായ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഖകരമായിരിക്കും പര്യവസാനമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്
ഗാസയിൽ സമാധാനത്തിന് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയിൽ നിലപാടറിയിക്കാൻ ഹമാസിന് മുന്നിലുള്ളത് മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ്. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ദുഖകരമായിരിക്കും പര്യവസാനമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന പ്രതീക്ഷ നൽകുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിൻ നെതന്യാഹുവിനും ഒരുപോലെ സമ്മർദം നൽകുന്നതാണ് നിലവിലെ അമേരിക്കൻ പദ്ധതി. അറബ് – ഇസ്ലാമിക് – ഗൾഫ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്. പദ്ധതി നടന്നാൽ ഗാസയിൽ ഹമാസിന്റെയും ഇസ്രയേലിന്റെയും റോൾ ഒരുപോലെ അവസാനിക്കുകയാണെന്ന് വേണം വിലയിരുത്താൻ. ഹമാസ് അധികാരം വിട്ട് ആയുധം താഴെ വെച്ച് ഒഴിയണമെന്നും ഇസ്രയേൽ പിൻവാങ്ങണം എന്നെല്ലാം ആണ് നിര്‍ദേശങ്ങള്‍. പദ്ധതി ഹമാസ് പരിശോധിക്കുകയാണെന്നാണ് ഖത്തർ അറിയിച്ചിരിക്കുന്നത്. കൂടിപ്പോയാൽ നാല് ദിവസത്തിനപ്പുറം ഹമാസിന് സമയം ലഭിക്കില്ലെന്നാണ് ട്രംപ് അറിയിക്കുന്നത്. ഹമാസ് എതിർക്കുന്നുണ്ടെങ്കിലും ഗാസയിൽ താൽക്കാലിക അന്താരാഷ്ട്ര ഭരണസമിതി വരും. ടോണി ബ്ലൈയറും ട്രംപും മേൽനോട്ടം വഹിക്കും. ഗാസൻ ജനതയെ പുറത്താക്കില്ല എന്നുറപ്പായപ്പോൾ തന്നെ സൗദി, യുഎഇ, ഖത്തർ, ഈജിപ്ത്, തുർക്കി ഉൾപ്പടെ പ്രബല രാഷ്ട്രങ്ങൾ പദ്ധതിയെ പിന്തുണച്ചു. യുറോപ്യൻ രാഷ്ട്രങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്.