വിട്ടുമാറാത്ത പനിയാണോ പ്രശ്‌നം; ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ, പനി പമ്പ കടക്കും
കാലാവസ്ഥ മാറുമ്പോള്‍ പലര്‍ക്കും പനിയുടെ ലക്ഷണങ്ങളും കൂടും. തൊണ്ട വേദന, ജലദോഷം, ശരീരത്തിന്റെ ഉയര്‍ന്ന താപനില എന്നിവ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ സാധാരാണയായി കാണുന്ന ഈ രോഗാവസ്ഥ മിക്ക സന്ദര്‍ഭങ്ങളിലും പെട്ടെന്ന് തന്നെ ഭേദമാവാറുണ്ട്. എന്നാല്‍ ചിലരില്‍ ഈ പനി വിട്ടുമാറാന്‍ സമയമെടുക്കും. എന്താണ് ശരിക്കും ഇങ്ങനെ വിട്ടുമാറാത്ത പനിയുടെ കാരണം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? അതിന് പിന്നില്‍ നിങ്ങള്‍ അറിയാതെ തന്നെ പിന്തുടരുന്ന ചില ശീലങ്ങളാവാം. അവ ഏതൊക്കെയാണെന്ന് നോക്കാം…
ശരിയായ വിശ്രമം എടുക്കാത്തത്
പനി എന്നല്ല ഏത് രോഗാവസ്ഥയിലും നിങ്ങളുടെ ശരീരത്തിന് ആദ്യം വേണ്ടത് ശരിയായ വിശ്രമമാണ്. ഇതിനെ അവഗണിക്കുന്നത് രോഗാവസ്ഥ മൂര്‍ഛിക്കാന്‍ ഇടയാക്കുന്നു. പനി വരുമ്പോള്‍ തന്നെ ശരിയായി വിശ്രമം എടുത്താല്‍ അത് പെട്ടെന്ന് മാറാനുള്ള സാധ്യതകളും ഏറെയാണ്. അതിനാല്‍ നിങ്ങളുടെ ശരീരത്തിനെ പ്രതിരോധത്തിലാക്കുന്ന വൈറസിനോട് പൊരുതാനുള്ള ശക്തി ശരീരത്തിന് ലഭിക്കാന്‍ നന്നായി വിശ്രമിക്കുക.
ശരീരത്തിലെ ജലാംശം കുറയുന്നത്
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ശരീരം രോഗത്തിനെതിരെ പൊരുതാന്‍ ഇത് ഊര്‍ജ്ജം പകരുന്നു. ചില സമയങ്ങളില്‍ പനിക്കൊപ്പം ഛര്‍ദ്ദിലും വയറിളക്കവും ഉണ്ടായേക്കാം. ഈ സമയം ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. ഇത് നിര്‍ജ്ജലീകരണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പനി ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ഈ സമയങ്ങളില്‍ മദ്യവും കഫൈനും ഒഴിവാക്കാനും ശ്രദ്ധിക്കുക.
നല്ല ഉറക്കം ലഭിക്കാത്തത്
പനി വരുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ തീര്‍ച്ചയായും 7 മുതല്‍ 9 മണിക്കൂര്‍ വരെ നന്നായി ഉറങ്ങേണ്ടതുണ്ട്. ഈ സമയം നിങ്ങള്‍ ഫോണ്‍ മാറ്റി വെക്കുക. പരമാവധി ഉറക്കത്തിന് പറ്റിയ അന്തരീക്ഷം ഒരുക്കുക. വിവിധ രോഗലക്ഷണങ്ങളുള്ളതിനാല്‍ പലപ്പോഴും ഈ സമയത്തെ ഉറക്കം ബുദ്ധിമുട്ടേറിയതാവാം. പക്ഷെ ഓര്‍ക്കുക ശരിയായ ഉറക്കം വേഗത്തിലുള്ള രോഗശാന്തിക്കുള്ള മരുന്നാണ്.
തെറ്റായ ഭക്ഷശീലങ്ങള്‍
പനിയുള്ള സമയത്ത് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. ദഹന വ്യവസ്ഥയിലും ഈ നിയന്ത്രണം വേണ്ടതുണ്ട്. ശരീരത്തിന് വേഗം ദഹിപ്പിക്കാന്‍ സാധിക്കുന്ന ലഘുവായ ഭക്ഷണങ്ങള്‍ ഈ സമയം കഴിക്കുക. പൊരിച്ചതോ, പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ കുറയ്ക്കാം. പകരം പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ അടങ്ങിയ ലഘു ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.