Fincat

പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു

പലസ്തീന് സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. നാൽപ്പതോളം ബോട്ടുകളാണ് ഇസ്രയേൽ പിടിച്ചെടുത്തെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിലേക്ക് സഹായമെത്തിച്ച ചെറു കപ്പലുകളുടെ സംഘത്തിൽ 400 ഓളെം വിദേശ ആക്ടിവിസ്റ്റുകളുമുണ്ടായിരുന്നു. കപ്പലുകൾ പിടിച്ചെടുത്ത ഇസ്രയേലിന്റെ നടപടിയെ അന്താരാഷ്ട്ര തലത്തിൽ അപലപിക്കുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തു. മുഖംമൂടി ധരിച്ചതും ആയുധധാരികളുമായ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻമാരാൽ ചുറ്റപ്പെട്ട തുൻബെർഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ വീഡിയോയും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, ഗ്രെറ്റ തുൻബെർഗ്, നടി സൂസൻ സരണ്ടൻ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ ഏകദേശം 400 പേരെ വഹിച്ചുകൊണ്ട് 40-ലധികം സിവിലിയൻ ബോട്ടുകളാണ് ഗ്ലോബൽ സുമുദ് എന്ന ചെറു കപ്പൽ സംഘത്തിൽ (ഫ്ളോട്ടില) ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകുന്നേരം ഇസ്രായേലി നാവിക കപ്പലുകൾ ഫ്ലോട്ടില്ലയെ വളഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ഒരു മാസം മുമ്പ് സ്പെയിനിലെ ബാഴ്‌സലോണയിൽ നിന്ന് യാത്ര ആരംഭിച്ച ഫ്ലോട്ടില്ല, വ്യാഴാഴ്ച രാവിലെയോടെ ഗാസയിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.