Fincat

കേരളത്തിൻ്റെ മനുഷ്യത്വശബ്ദം അതിർത്തി കടന്നെത്തുന്നു; പലസ്തീൻ പിന്തുണയിൽ നന്ദി അറിയിച്ച് അബ്ദുല്ല അബു ഷാവേഷ്

കോഴിക്കോട്: ഇസ്രയേലിന്‍റെ വംശഹത്യ നേരിടുന്ന പലസ്തീനെ പിന്തുണച്ച കേരളത്തിന് നന്ദി അറിയിച്ച് പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേഷ്. കേരളത്തിന്റെ മനുഷ്യത്വത്തിന്റെ ശബ്ദം അതിർത്തി കടന്ന് എത്തുന്നതായും എൽഡിഎഫ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസില്‍ അബ്ദുല്ല അബു ഷാവേഷ് പറഞ്ഞു.

ഇസ്രയേൽ ക്രൂരതയ്‌ക്കെതിരെ എല്ലാവരും സമൂഹമാധ്യമങ്ങളിൽ പലസ്തീൻ അനുകൂല പോസ്റ്റുകൾ തുടർച്ചയായി ഇടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. യുഎന്നിൽ ഇന്ത്യ പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇനിയും ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുകയാണെന്നും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനിൽ വംശഹക്ത്യയാണ് നടക്കുന്നത്. പലസ്തീനികളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴയ ചരിത്രം മറച്ചുവെച്ച് പുതിയ സംഭവങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. പലസ്തീന്റെ അസ്ഥിത്വം ആർക്കും അവഗണിക്കാനാവില്ലെന്നും അബു ഷാവേഷ് പറഞ്ഞു.

ബ്രിട്ടന് അവകാശമില്ലാത്ത ഭൂമിയാണ് ഇസ്രയേലികൾക്ക് നൽകിയത്. ആയുധങ്ങളിലൂടെ ജൂതന്മാർ ശക്തി പ്രാപിച്ചു. പലസ്തീനികളെ പുറത്താക്കി. ഗാസയിലും വെസ്റ്റ് ബാങ്കിലും ജൂതന്മാർ അധിനിവേശം നടത്തി. ജൂതരുടെ പുണ്യപുരാണ പുസ്തകത്തിൽ പലസ്തീനെ കുറിച്ച് പരാമർശമുണ്ട്. ഈ ചരിത്രം ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പലസ്തീന്‍ ജനത നേരിടുന്ന യാതന സമാനതകളില്ലാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഐക്യദാര്‍ഢ്യ സദസിൽ പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും പലസ്തീന്‍ ജനതയുടെ വേദന നമ്മുടെത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനത്തിന് നോബേല്‍ സമ്മാനം വേണമെന്ന് പറയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇസ്രയേലിന് പിന്തുണ നല്‍കുന്നതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സാമ്രാജ്യത്തെ നേരിടുന്നതില്‍ സോവിയേറ്റ് റഷ്യ ഉണ്ടായിരുന്നുവെന്നും അറബ് രാജ്യങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.