Fincat

‘മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാല്‍ രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍ വെടിവെച്ചുകൊന്നു’


തിരുവനന്തപുരം: ഗാന്ധിജയന്തി ആശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഇന്ത്യന്‍ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങള്‍ക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങള്‍ തീര്‍ത്തു. അതാണ് വര്‍ഗ്ഗീയവാദികളെ പ്രകോപിപ്പിച്ചത്. ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവന്‍ ബലി നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആര്‍എസ്‌എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തപാല്‍ സ്റ്റാമ്ബും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്. ആര്‍എസ്‌എസിന് ഇങ്ങനെയൊരു അംഗീകാരം നല്‍കാന്‍ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധി സ്മൃതിപോലും സംഘപരിവാര്‍ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗാന്ധിജിക്ക് പകരം സവര്‍ക്കറെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവരുടെ ഇത്തരം നീക്കങ്ങള്‍ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കെതിരെയുള്ള നമ്മുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊര്‍ജ്ജം പകരുമെന്നും പിണറായി വിജയന്‍ ഗാന്ധിജയന്തി ആശംസയില്‍ വ്യക്തമാക്കി.

ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗ്ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്നത്. ഇന്ത്യന്‍ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങള്‍ക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങള്‍ തീര്‍ത്തു. അതാണ് വര്‍ഗ്ഗീയവാദികളെ പ്രകോപിപ്പിച്ചത്.

ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവന്‍ ബലി നല്‍കിയത്. ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആര്‍എസ്‌എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തപാല്‍ സ്റ്റാമ്ബും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്. ആര്‍എസ്‌എസിന് ഇങ്ങനെയൊരു അംഗീകാരം നല്‍കാന്‍ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധി സ്മൃതിപോലും സംഘപരിവാര്‍ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണ്. ഗാന്ധി വധക്കേസില്‍ വിചാരണ ചെയ്യപ്പെട്ട സവര്‍ക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി അവരോധിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ മറ്റൊരു അംഗീകാരമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

ഗാന്ധിജിക്ക് പകരം സവര്‍ക്കറെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവരുടെ ഇത്തരം നീക്കങ്ങള്‍ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടുക തന്നെ വേണം. ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും ഭയപ്പെടുന്ന ആര്‍എസ്‌എസിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെക്കുന്ന മാനവികതയുടെ രാഷ്ട്രീയത്തിന്റെ നേര്‍വിപരീതമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കെതിരെയുള്ള നമ്മുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊര്‍ജ്ജം പകരും. ഏവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍.