Fincat

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കണോ? എന്നാല്‍ ഇവ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കൂ

സൗന്ദര്യം സംരക്ഷിക്കാനും പെട്ടെന്ന് പ്രായമാകാതിരിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണകാര്യത്തില്‍ എന്നുമുള്ള ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ മടിയുമാണ്. നിത്യജീവിതത്തിലെ ചില ഭക്ഷണശീലങ്ങള്‍ നിങ്ങളുടെ ചര്‍മ്മം പെട്ടെന്ന് പ്രായമാകാനിടയാക്കുന്നു. അതില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഇവയൊക്കെയാണ്.

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് കാപ്പി, പത്ത് മണി ആകുമ്പോള്‍ വീണ്ടും ഒരെണ്ണം. വൈകുന്നേരം നാലുമണിയാകുമ്പോള്‍ പിന്നെയും ഒരു കാപ്പി. അങ്ങനെ ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്ന ശീലമുണ്ടോ? പിന്നെ മധുരം.. മധുരത്തിന് പഞ്ചസാര ചേര്‍ക്കാതെ എന്ത് കാപ്പിയും ചായയും അല്ലേ. എന്നാല്‍ ഒരു കാര്യം അറിഞ്ഞിരുന്നോളൂ. കഫീനും പഞ്ചസാരയും നിങ്ങളെ എളുപ്പത്തില്‍ പ്രായമുള്ളവരാക്കും. 20 വര്‍ഷമായി ഹൃദ്‌രോഗ ചികിത്സാരംഗത്ത് സജീവമായ കാര്‍ഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ഭോജരാജ് പഞ്ചസാരയും കഫീനും നിങ്ങളുടെ ശരീരത്തിലും തലച്ചോറിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് പറയുകയാണ്.
കൂടിയ അളവില്‍ പഞ്ചസാരയും കഫീനും കഴിക്കുന്നത് വാര്‍ധക്യമുണ്ടാകുന്നത് വേഗത്തിലാക്കും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റിലാണ് ഡോ. ഭോജരാജ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് രക്തധമനികളില്‍ വീക്കം ഉണ്ടാക്കുകയും അതിനെ തകരാറിലാക്കുകയും ചെയ്യും. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ ഹൃദയത്തെ തകരാറിലാക്കാന്‍ ഈ ശീലം മതി. കുറേകാലമായി കഫീന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ നാഡീവ്യവസ്ഥയെ അത് സമ്മര്‍ദ്ദത്തിലാക്കും. ഇവ രണ്ടും സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിനെയും രക്തസമ്മര്‍ദ്ദത്തെയും ഉയര്‍ത്താനിടയാക്കുന്നു. കൂടാതെ ഇവ രണ്ടും ആരോഗ്യമുളള ആളുകളില്‍പോലും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഊര്‍ജ്ജം ഇല്ലാതാക്കുകയും ചെയ്യും.

ഭക്ഷണക്രമത്തെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കഫീനും പഞ്ചസാരയും ഒഴിവാക്കുന്നതിലൂടെ ആഴ്ചകള്‍ക്കുള്ളില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതും ഉറക്കം മെച്ചപ്പെടുകയും ചെയ്യുന്നത് അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും ഡോ. ഭോജരാജ് വീഡിയോയില്‍ പറയുന്നു.