Fincat

ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്.

വീണ്ടും ഇന്ത്യയിൽ എത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നെന്നും മെസി അറിയിച്ചു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡൽഹിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

മെസിയുടെ കൂടെ ഇന്‍റര്‍ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരുമുണ്ടായേക്കാമെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുപറയാനാവില്ലെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 28നാണ് മെസിയുടെ വസതിയിലെത്തി പിതാവ് ജോര്‍ജെ മെസിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കിടെ മെസിയുമായും സംസാരിച്ചിരുന്നുവെന്നും ദത്ത പറഞ്ഞു.

ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, റൊണാള്‍ഡീഞ്ഞോ, അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരവും ഗോള്‍ കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെ മുമ്പ് കൊല്‍ക്കത്തയില്‍ കൊണ്ടുവന്നത് സതാദ്രു ദത്തയാണ്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്.അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദമത്സരത്തിലും മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.