ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങൾ തകർത്തു, ഇനി യുദ്ധ തന്ത്രങ്ങൾ മാറും: വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി എ പി സിങ്. ഹാംഗറില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ അടക്കം പത്തിലധികം വിമാനങ്ങള്‍ പാകിസ്താന് നഷ്ടമായി. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്നത് പാക്കിസ്ഥാന്‍ മെനഞ്ഞെ കഥയാണ്. വെടി നിര്‍ത്തലിനായി പാകിസ്താന്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും എ പി സിങ് പറഞ്ഞു.
രാജ്യ ചരിത്രത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടി. കൃത്യമായ ലക്ഷ്യത്തോടെ ആണ് ഓപ്പറേഷന്‍ സിന്ധൂര്‍ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ടുതന്നെ ലക്ഷ്യം നേടി. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോള്‍ ഓപ്പറേഷന്‍ സിന്ധൂര്‍ കുറഞ്ഞ ദിവസങ്ങള്‍ക്കു ഉള്ളില്‍ ലക്ഷ്യം കണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ പി സിങ് വ്യക്തമാക്കി.
പുതിയ യുദ്ധവിമാനങ്ങള്‍ക്കായി നടപടികള്‍ തുടങ്ങിയെന്നും എ പി സിങ് അറിയിച്ചു. പുതിയ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും സേനയുടെ ഭാഗമാകും. ഓപ്പറേഷന്‍ സിന്ദൂരിലേതുപോലെ യോജിച്ച പ്രവര്‍ത്തനമാണ് ഇനി ആവശ്യം. മൂന്ന് സേനകളുടെ മാത്രമല്ല, വിവിധ ഏജന്‍സികളുടെ യോജിച്ച പ്രവര്‍ത്തനത്തിനാണ് ഊന്നല്‍. യുദ്ധ തന്ത്രങ്ങള്‍ ഇനി മാറും. ഇതുവരെയുള്ള യുദ്ധതന്ത്രങ്ങള്‍ ആവില്ല ഇനിയുള്ളത്. ഇന്ത്യയുടെ വളര്‍ച്ചയെ ലോകം നോക്കുകയാണെന്നും എ പി സിങ് കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താനാണ് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ ഒരു വിദേശിയുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ അതിര്‍ത്തിയിലെ ജനവാസ മേഖലകളില്‍ പാകിസ്താന്‍ ഡ്രോണ്‍, ഷെല്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനം ഈ ആക്രമണങ്ങള്‍ വിഫലമാക്കിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മെയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലുണ്ടായത്.