അഞ്ച് വര്‍ഷത്തിനിപ്പുറം ടേക്ക് ഓഫ്; ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇരു രാജ്യങ്ങളുടെയും വ്യോമയാന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷം ആദ്യം മുതല്‍ നടക്കുന്നുണ്ടായിരുന്നു. നേരിട്ടുള്ള വിമാനസര്‍വ്വീസ്, പുതുക്കിയ വ്യോമ സേവന കരാര്‍ എന്നിവയിലൂന്നിയുമായിരുന്നു പ്രധാന ചര്‍ച്ചകള്‍. പുതിയ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിമാനക്കമ്പനികള്‍ക്ക് അനുവദിച്ച പോയിന്റുകളില്‍ നിന്നും സര്‍വ്വീസുകള്‍ നടത്താം.
നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചതോടെ സര്‍വ്വീസ് നടത്താനുള്ള താല്‍പര്യം അറിയിച്ച് ഇന്‍ഡിഗോ രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനസര്‍വ്വീസ് പുനഃസ്ഥാപിക്കുന്നത്. കൊവിഡിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിയത്. വിന്റര്‍ ഷെഡ്യൂളായാണ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുക.