‘ഭൂപടത്തിൽനിന്ന് മായ്ച്ചു കളയും, സംയമനം പ്രതീക്ഷിക്കരുത്’; പാകിസ്താന് ഇന്ത്യന്‍ സൈനിക മേധാവിയുടെ താക്കീത്
ന്യൂഡൽഹി: ഭീകരത പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഭൂപടത്തിലെ സ്ഥാനം തന്നെ നഷ്ടമാകുമെന്ന് പാകിസ്താനോട് ഇന്ത്യൻ കരസേന മേധാവി. ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്നായിരുന്നു കരസേന മേധാവി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. രാജസ്ഥാനിലെ അനുപ്ഗഡിലെ സൈനിക പോസ്റ്റിൽ സംസാരിക്കവെയായിരുന്നു കരസേന മേധാവിയുടെ താക്കീത്.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് കാണേണ്ടിവരും. ഇന്ത്യൻ സേന യാതൊരു സംയമനവും വീട്ടുവീഴ്ചയും കാണിക്കില്ലെന്നും ദ്വിവേദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ 1.0യിൽ സ്വീകരിച്ചതുപോലെയൊരു സംയമനം ഇനി സേനയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കരുത്. ഭൂമിശാസ്ത്രത്തിൽ സ്വന്തം സ്ഥാനം വേണമോ വേണ്ടയോ എന്ന് പാകിസ്താനെ കൊണ്ട് ചിന്തിപ്പിക്കും വിധത്തിലുള്ള എന്തെങ്കിലും നമ്മൾ ചെയ്യും. പാകിസ്താന് ഭൂമിശാസ്ത്രത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ സർക്കാർ സ്‌പോൺസേർഡ് ഭീകരവാദം അവസാനിപ്പിക്കണമെന്നും ദ്വിവേദി പറഞ്ഞു. സൈനികരോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, ദൈവം അനുവദിച്ചാൽ ഉടൻ തന്നെ അതിനൊരു അവസരം ലഭിക്കുമെന്നും വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി എ പി സിങ് പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് ദ്വിവേദിയുടെ പ്രസ്താവന കൂടി പുറത്തുവരുന്നത്. ഹാംഗറില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ അടക്കം പത്തിലധികം വിമാനങ്ങള്‍ പാകിസ്താന് നഷ്ടമായെന്നും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്നത് പാക്കിസ്ഥാന്‍ മെനഞ്ഞെ കഥയാണെന്നും വെടി നിര്‍ത്തലിനായി പാകിസ്താന്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും എ പി സിങ് പറഞ്ഞിരുന്നു.
രാജ്യ ചരിത്രത്തില്‍ കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യമായ ലക്ഷ്യത്തോടെ ആണ് ഓപ്പറേഷന്‍ സിന്ധൂര്‍ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ടുതന്നെ ലക്ഷ്യം നേടി. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോള്‍ ഓപ്പറേഷന്‍ സിന്ധൂര്‍ കുറഞ്ഞ ദിവസങ്ങള്‍ക്കു ഉള്ളില്‍ ലക്ഷ്യം കണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ പി സിങ് വ്യക്തമാക്കിയിരുന്നു.