ഉണ്ണ്യാൽ ബീച്ച് സന്ദർശിച്ച് ഓട്ടോറിക്ഷയിൽ മടക്കം, 3.5 പവൻ സ്വർണമാല കളഞ്ഞു പോയി; തിരിച്ച് നൽകി മാതൃകയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: ഉണ്ണ്യാലില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ യാത്ര ചെയ്ത ഓട്ടോയില്‍ നിന്ന് കിട്ടിയ മൂന്നര പവന്‍ സ്വര്‍ണ മാല പൊലീസ് സഹായത്തോടെ യഥാര്‍ഥ ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. യഥാര്‍ത്ഥ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിക്കാനായതിന്റെ സന്തോഷത്തിലാണ് പൊന്മുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ റഹ്‌മത്ത് കാവപ്പുരയും ബന്ധുക്കളും. അനുജത്തി മുനീറ, മകള്‍ റുബീന, ആബിദ് പാണങ്ങാട്ട് എന്നിവരായിരുന്നു റഹ്‌മത്തിനൊപ്പമുണ്ടായിരുന്നത്. പൊലീസിന്റെ സഹായത്തോടെയും സമൂഹമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ച തോടെ നിരവധി പേരാണ് മാലയുടെ ഉടമസ്ഥത അവകാശപ്പെട്ട് ഇവരെ ബന്ധപ്പെട്ടത്.
ഇതോടെ താനൂര്‍ ഡിവൈ.എസ്.പി പി. പ്രമോദ്, ഇന്‍സ്‌പെക്ടര്‍ കെ.ടി.ബിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പരിശോധിച്ച് ആഭരണം യഥാര്‍ഥ ഉടമകളായ എടരിക്കോട് സ്വദേശി ഫാസിലിനും സഹോദരിക്കും കൈ മാറുകയായിരുന്നു. ഇരുവരും ഉണ്ണ്യാല്‍ ബീച്ച് സന്ദര്‍ശിച്ചു മടങ്ങുന്ന സമയത്താണ് മാല കളഞ്ഞുപോയത്. പൊലിസ് നിര്‍ദേശിച്ചതനുസരിച്ച് താനൂര്‍ ഡിവൈ.എസ്.പി ഓഫീസിലെത്തിയ ഇരുവരും അവിടെ വെച്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി.ബിജിത്തിന്റെയും എ.എസ്.ഐ സലേഷിന്റെയും സാന്നിധ്യത്തില്‍ റഹ്‌മത്തില്‍ നിന്നും ആഭരണം ഏറ്റു വാങ്ങി. മാതൃകാപരമായ പ്രവൃത്തിയാണ് റഹ്‌മത്തിന്റെയും ബന്ധുക്കളുടെയുമെന്ന് ഡിവൈ.എസ്.പി പി. പ്രമോദ് പറഞ്ഞു.