സഞ്ജു മെസി സാംസണ്‍ അല്ലെങ്കില്‍ സഞ്ജു റൊണാള്‍ഡോ സാംസണ്‍? ഇപ്പോള്‍ എന്തുവിളിക്കണമെന്ന് ചോദ്യം
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ‘സഞ്ജു മോഹന്‍ലാല്‍ സാംസണ്‍’ എന്ന് പരാമര്‍ശിച്ചത് വൈറലായിരുന്നു. ക്രിക്കറ്റില്‍ ഏത് റോള്‍ ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നും മലയാളത്തിന്റെ മോഹന്‍ലാലിനെ പോലെ വില്ലനാകാനും കോമാളി ആകാനും നായകാനാകാനുമെല്ലാം തനിക്ക് സാധിക്കുമെന്നും സഞ്ജു സാംസണ്‍ പറഞ്ഞിരുന്നു. മലയാളി താരമായ സഞ്ജുവിന്റെ ഈ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു.
ഇപ്പോഴിതാ സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ടീം ഉടമയായി എത്തിയപ്പോഴുള്ള സഞ്ജുവിന്റെ പ്രതികരണമാണ് വൈറലാവുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള മത്സരം കാണാനെത്തിയതാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. മത്സരത്തിനിടെ സഞ്ജുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
‘ഈയടുത്ത് ‘സഞ്ജു മോഹന്‍ലാല്‍ സാംസണെ’ന്ന് പറയുന്നത് കേട്ടിരുന്നു. ഇപ്പോള്‍ നമ്മള്‍ സൂപ്പര്‍ ലീഗ് കേരളയിലാണ്. ഇവിടെ എന്തായിരിക്കും പേര് സ്വീകരിക്കുക? സഞ്ജു മെസി സാംസണോ സഞ്ജു റൊണാള്‍ഡോ സാംസണോ?’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘സഞ്ജു മോഹന്‍ലാല്‍ സാംസണെന്ന് പറഞ്ഞത് ആ സാഹചര്യത്തില്‍ മാത്രമായിരുന്നു. ഇപ്പോള്‍ ഞാന്‍ സഞ്ജു സാംസണ്‍ തന്നെയായി മാറിയിരിക്കുകയാണ്. അതുകൊണ്ടു സഞ്ജു സാംസണ്‍ എന്നുതന്നെ വിളിക്കുന്നതില്‍ തന്നെയാണ് ഇപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍’, എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. പിന്നാലെ ഒരേയൊരു സഞ്ജു സാംസണെന്ന് മറ്റൊരു അവതാരകന്‍ പറയുന്നതും വീഡിയോയിലുണ്ട്.
അതേസമയം മത്സരത്തില്‍ സഞ്ജു സാംസണിന്റെ ടീമായ മലപ്പുറം എഫ്‌സി വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് മലപ്പുറം എഫ്‌സി വിജയം സ്വന്തമാക്കിയത്. തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ നേടിയ പെനാല്‍റ്റി ഗോളാണ് മലപ്പുറത്തിന് വിജയം സമ്മാനിച്ചത്.