സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചര്‍ച്ച നാളെ ഈജിപ്തില്‍
വാഷിംങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാന്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി.
‘ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാന്‍ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാം. എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും!’, അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതേസമയം, ഗാസയില്‍ ട്രംപിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനം അവഗണിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 70 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റി യുദ്ധ ഭൂമി തന്നെയാണെന്നാണ് സൈന്യത്തിന്റെ പ്രതികരണം. ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗാസ സമാധാന കരാറില്‍ നടക്കാനിരിക്കുന്ന ചര്‍ച്ച നാളെ ഈജിപ്തില്‍ നടക്കും. അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്കായി നാളെ ഈജിപ്തിലെത്തും. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ച. 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയും ചെയ്തു. ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.