‘ദുൽഖറുമായി വീണ്ടും സിനിമ ചെയ്യാൻ ഒരുങ്ങുന്നു’; അടുത്ത ചിത്രത്തെക്കുറിച്ച് മനസുതുറന്ന് സൗബിൻ ഷാഹിർ
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിത്രത്തിൽ കാമിയോ റോളിൽ ദുൽഖർ സൽമാനും എത്തിയിരുന്നു. പറവയ്ക്ക് ശേഷം ദുൽഖറിനെ നായകനാക്കി ‘ഓതിരം കടകം’ എന്നൊരു ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത സംവിധാന സംരംഭത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് സൗബിൻ.
ദുൽഖറിന് ഒപ്പമാണ് താൻ അടുത്ത സിനിമ ഒരുക്കുന്നതെന്നും എന്നാൽ അത് നേരത്തെ പ്രഖ്യാപിച്ച ഓതിരം കടകം അല്ലെന്നും സൗബിൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് ദുൽഖർ ചിത്രമാണ്. രണ്ട് സിനിമകൾ അഭിനയിക്കാൻ ഉണ്ട് അത് കഴിഞ്ഞ് സംവിധാനത്തിലേക്ക് കടക്കും. നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല മാറ്റം വന്നിട്ടുണ്ട്. അതേ സെയിം ടീം തന്നെ പക്ഷെ സ്ക്രിപ്റ്റ് വ്യത്യാസം ഉണ്ട്’, സൗബിന്റെ വാക്കുകൾ.
വേഫറർ ഫിലിംസിന്റെ ബാനറിൽ ആയിരുന്നു ഓതിരം കടകം ആദ്യം പ്രഖ്യാപിച്ചിരുന്നത്. തുടർന്ന് ചിത്രം ഡ്രോപ്പ് ചെയ്യുകയായിരുന്നു. അതേസമയം, മലയാളത്തിൽ ഐ ആം ഗെയിം ആണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ സൽമാൻ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിൽ തമിഴ് സംവിധായകൻ മിഷ്‌കിനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്‌സ് ‘ആർഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.