Fincat

പലസ്തീനിൽ നിന്നുള്ള ക്രിസ്ത്യൻ യുവാക്കൾക്കൊപ്പമുള്ള ലിയോ മാര്‍പാപ്പ

വത്തിക്കാന്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായി പലസ്തീനിൽ നിന്നുള്ള ക്രിസ്ത്യൻ യുവാക്കൾക്കൊപ്പമുള്ള ലിയോ മാര്‍പാപ്പയുടെ ചിത്രം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വത്തിക്കാന്‍ ന്യൂസ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പലസ്തീനിലെ ക്രിസ്ത്യന്‍ യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘യൂത്ത് ഓഫ് ജീസസ് ഇന്‍ പലസ്തീന്‍’ (YJHP) എന്ന സംഘടനയിലെ 51 പലസ്തീന്‍ യുവാക്കള്‍ പാപ്പയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് വൈറലായത്.

‘പലസ്തീനില്‍ നിന്ന് പ്രതീക്ഷയുമായി ഞങ്ങള്‍ വന്നു’ എന്ന ടീ ഷര്‍ട്ട് ധരിച്ചാണ് പലസ്തീനികള്‍ മാര്‍പാപ്പയെ കാണാനെത്തിയത്. പലസ്തീന്‍ പതാകയും ഇവരുടെ കയ്യിലുണ്ടായിരുന്നു. ഇവരോടൊപ്പം ഭിന്നശേഷിക്കാര്‍ക്കും തന്നെ കാണാനെത്തിയ മറ്റുള്ളവരോടൊപ്പവുമുള്ള പാപ്പയുടെ ചിത്രവും വത്തിക്കാന്‍ ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഗാസയിലെ യുദ്ധം ഉടന്‍ തന്നെ ആഗ്രഹിക്കുന്ന സ്ഥലത്തെത്തുമെന്ന് ഇന്നത്തെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷവും ലിയോ പാപ്പ പ്രതികരിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലെ സുപ്രധാന നടപടികള്‍ അംഗീകരിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ച് നീതിയും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള പ്രക്രിയയില്‍ പ്രതിജ്ഞാബദ്ധരാകാന്‍ എല്ലാ കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്നും ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞിരുന്നു.

അതേസമയം ഹമാസിന് മുന്നറിയിപ്പുമായി ട്രംപ് വീണ്ടും രംഗത്തെത്തി. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാന്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി.

‘ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാന്‍ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാം. എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും!’, അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.